കർണാടക നഴ്സിങ് കോളജിലെ കശ്മീരി വിദ്യാർഥികളോട് താടി വടിയ്ക്കുകയോ ഡ്രിം ചെയ്യുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ച് കോളജ് അധികൃതർ. കർണാടകയിലെ രാജീവ് ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഹാസനിലെ ഗവൺമെൻ്റ് നഴ്‌സിങ് കോളജിൻ്റേതാണ് വിചിത്ര നടപടി. ജമ്മു കശ്മീരിൽ നിന്നുള്ള 14 വിദ്യാർഥികളാണ് നഴ്‌സിങ് കോളജിൽ പഠിക്കുന്നത്. വിദ്യാർത്ഥികൾ താടി ട്രിം ചെയ്യുകയോ അല്ലെങ്കിൽ ക്ലീൻ ഷേവ് ചെയ്യുകയോ വേണമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. താടി ഷേവ് ചെയ്യാത്ത വിദ്യാർഥികൾ ക്ലിനിക്കൽ സെഷനുകളിൽ ഹാജരാകാത്തതായി രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചെന്നും ഇത് ഹാജർ നിലയെയും അക്കാദമിക് റെക്കോർഡിനെയും പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ALSO READ: മാനവീയം വീഥിക്കെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ വാർത്ത, പ്രതികരിച്ച് ഭാരവാഹികൾ
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വിവേചനപരമായ നയം തങ്ങളുടെ നടക്കാനിരിക്കുന്ന പരീക്ഷകളെയും പ്രത്യേകിച്ചും ഇൻ്റേണൽ മൂല്യനിർണ്ണയത്തെയും ബാധിക്കുമെന്നായിരുന്നു വിദ്യാർഥികൾ കത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. വിദ്യാർഥികളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളെ നിഷേധിക്കുന്നതാണ് നിർദ്ദേശങ്ങളെന്നും സ്റ്റുഡൻ്റ്സ് അസോസിയേഷൻ കത്തിൽ പറഞ്ഞു. എന്നാൽ പുതിയ നിർദേശങ്ങൾ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പ്രാദേശിക കന്നഡിഗ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിദ്യാർഥികൾക്കും ക്ലിനിക്കൽ ഡ്യൂട്ടികൾക്ക് ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്. പ്രൊഫഷണൽ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങളായി ഇതിനെ കണ്ടാൽ മതിയെന്നും മതപരമായ പ്രാർത്ഥനകളിൽ പങ്കെടുക്കാനായി കശ്മീരി വിദ്യാർഥികൾ പതിവായി ക്ലാസുകൾ ഒഴിവാക്കുന്നതായും കോളജ് അധികൃതർ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here