ഒരുപാട് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനായിരുന്നു ഇന്നസെന്റ്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളും ആദര്‍ശങ്ങളും ഉള്ള ഇദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വ്യക്തിയായിരുന്നു. യുഡിഎഫ് കോട്ടയായിരുന്ന മുകുന്ദപുരം ലോക്‌സഭാ മണ്ഡലം അതിരും പേരും മാറി ചാലക്കുടി ആയപ്പോള്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ പൊതു സ്വഭാവത്തിന് മാറ്റം വരുത്തിയില്ല. എന്നാല്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ മനസില്‍ മാറ്റം വരുത്തി അവിടെ ഇടതുപക്ഷത്തിന് വേണ്ടി വിജയക്കൊടി പാറിച്ചത് ഇന്നസെന്റിലൂടെയായിരുന്നു. അന്നത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയെ തോല്‍പ്പിച്ച് ഇന്നസെന്റ് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി. 13,888 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചാലക്കുടിയില്‍ ഇന്നസെന്റിന്റെ വിജയം. 2019ല്‍ ബെന്നി ബഹനാനോട് പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഇടതുപക്ഷ വേദികളില്‍ സജീവ സാന്നിധ്യമായി തുടര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇടതുപക്ഷത്തിനെതിരെ താനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വ്യാജ വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് ഈ പ്രകാരമായിരുന്നു.എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാം എന്നായിരുന്നു. ഇന്നസെന്റ് വിട പറയുമ്പോള്‍ അത് ഇടതു മുന്നണിക്കും ഒരു തീരാനഷ്ടമായി മാറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here