ദുബായില്‍ നടക്കുന്ന ജിടെക്സ് ടെക്നോളജി ഇവന്റിലേക്ക് കേരളത്തില്‍നിന്ന് 30 കമ്പനികള്‍

ഐടി മേഖലയിലെ കമ്പനികളുടേയും നിക്ഷേപകരുടേയും രാജ്യാന്തര സംഗമമായ ജിടെക്സ് ഗ്ലോബല്‍ 2024ല്‍ (GITEX GLOBAL 2004) കേരളത്തില്‍നിന്ന് ഇത്തവണ 30 സ്ഥാപനങ്ങള്‍ പങ്കെടുക്കും. കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും കേരള ഐടി പാര്‍ക്സ് ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ജിടെക്സ് ഗ്ലോബലില്‍ തങ്ങളുടെ സാങ്കേതിക മികവുകള്‍ അവതരിപ്പിക്കുക. ഒക്ടോബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയില്‍ ഈ കമ്പനികൾക്ക് 180 ലധികം രാജ്യങ്ങളില്‍നിന്നുള്ള വ്യവസായ പ്രമുഖരും നിക്ഷേപകരും മറ്റുമായി ബന്ധപ്പെടാനുള്ള വേദിയായി കേരള ഐടി സ്റ്റാൾ പ്രവർത്തിക്കും.

110 ചതുരശ്ര മീറ്റർ പ്രദർശനസ്ഥലമാണ് ഈ വര്‍ഷം കേരളത്തില്‍നിന്നുള്ള കമ്പനികള്‍ക്കായി അനുവദിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. ആഗോളതലത്തിൽ കേരളത്തിന്റെ ഐടി മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ജിടെക് സെക്രട്ടറി വി. ശ്രീകുമാര്‍ പറഞ്ഞു. വലിയതോതിലുള്ള ബിസിനസ് അവസരങ്ങളായിരിക്കും പങ്കെടുക്കുന്ന കമ്പനികൾക്ക് ലഭിക്കുകയെന്നും അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ

നൂതനാശയങ്ങളുടെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ വളർന്നുവരുന്ന ടെക് ഇക്കോസിസ്റ്റത്തിന് ആഗോളതലത്തില്‍ പ്രധാന്യമേറെയാണെന്ന് ജിടെക് ബിസിനസ് ഡെവലപ്‌മെന്റ് ഫോക്കസ് ഗ്രൂപ്പ് കൺവീനർ മനു മാധവൻ ചൂണ്ടിക്കാട്ടി. കമ്പനികൾക്ക് അവരുടെ അത്യാധുനിക ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്താനും ജിടെക്സ് ഗ്ലോബൽ സമാനതകളില്ലാത്ത അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാങ്കേതിക വൈദഗ്ധ്യം പ്രതിഫലിപ്പിക്കുകയും ആഗോളശ്രദ്ധ ആകർഷിക്കുകയും ചെയ്യുംവിധം പാരമ്പര്യവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിക്കുന്ന മോഡുലാര്‍ ഡിസൈനിലാണ് ജിടെക്സിലെ കേരള പവലിയൻ ഒരുക്കുന്നത്. ഐടി മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം പ്രകടമാക്കുന്ന സംവേദാത്മക ഘടകങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ള പവലിയന്‍ ലോകോത്തര എക്‌സിബിഷനുകളില്‍ പേരുകേട്ട കമ്പനിയായ ആക്‌സിസ് ഇവന്റ്സാണ് തയ്യാറാക്കുന്നത്.

വളർന്നുവരുന്ന ആഗോള സാങ്കേതിക മേഖലയുടെ നേതൃസ്ഥാനത്ത് കേരളത്തിന്റെ സ്ഥാനം കൂടുതൽ ദൃഢമാക്കാനും അന്താരാഷ്ട്ര വിപണിയിൽ വളർച്ചയ്ക്ക് പുതിയ വഴികൾ സൃഷ്ടിക്കാനും പരിപാടിയിലെ പങ്കാളിത്തത്തിലൂടെ ജിടെക് ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News