പനി വന്ന് മൃഗങ്ങള്‍ ചത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, കൂടുതൽ എബിസി കേന്ദ്രങ്ങള്‍ക്ക് അപേക്ഷ നല്‍കി: മന്ത്രി ജെ ചിഞ്ചുറാണി

പക്ഷപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നിവ മൂലം  നഷ്ടം വന്ന കർഷകർക്ക് നഷ്ട പരിഹാരം ഉണ്ടാകുമെന്നും രോഗങ്ങള്‍  വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചുവെന്നും മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി
ശ്രീ. പശുപതി കുമാർ പരസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ദില്ലിയില്‍ മാധ്യമങ്ങ‍ളെ കാണുകയായിരുന്നു അവര്‍.

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി മൂലം നഷ്ടം സംഭവിച്ച കർഷകർക്കു കേന്ദ്രത്തിൽ നിന്നും അനുവദിക്കേണ്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കേന്ദ്ര ഗവൺമെന്‍റിനോട് വീണ്ടും നിവേദനം നൽകി ആവശ്യപ്പെട്ടുവെന്നും നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്ന് ഉറപ്പു ലഭിച്ചുവെന്നും  മന്ത്രി അറിയിച്ചു.

ALSO READ: എല്ലാവരും പാർട്ടിയുടെ ഭാഗം,സെമിനാറിൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; എംവി ഗോവിന്ദൻ മാസ്റ്റർ

സർക്കാർ തലത്തിൽ ആരംഭിക്കുന്ന എബിസി കേന്ദ്രങ്ങൾക്ക് അനുമതി ലഭ്യമാക്കുന്നതിന് ഉദാരമായ സമീപനം കൈക്കൊള്ളും. കേരളത്തിലെ സ്റ്റേറ്റ് ഡയറി ലാബിന്‍റെ വികസനത്തിനായി ധനസഹായം ലഭ്യമാക്കണമെന്ന് മന്ത്രി  കേന്ദ്ര  മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടാതെ പക്ഷിപ്പനി, പന്നിപ്പനിമൂലം നഷ്ടം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം, എബിസി റൂൾ ഭേദഗതി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന സെക്രട്ടറി അൽക്ക ഉപാധ്യായയെയും അനിമൽ വെൽഫെയർ ബോർഡ് ചെയർമാൻ ഒ പി ചൗധരിയെയും സന്ദർശിച്ചു.

പക്ഷിപ്പനി, ആഫിക്കൻ പന്നിപ്പനി – നഷ്ടപരിഹാരം മുൻവർഷങ്ങളിൽ പക്ഷിപ്പനി, ആഫിക്കൻ പന്നിപ്പനി മൂലം നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി യഥാക്രമം 17.5 കോടി രൂപയും അഞ്ചു കോടി രൂപയും കേരള സർക്കാർ വഹിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതം ഉൾപ്പെടെയുള്ള ഉള്ള തുകയാണിത്. ഇതിൽ പക്ഷി പനിക്ക് 444.89 ലക്ഷം രൂപയും ആഫ്രിക്കൻ പന്നിപ്പനിക്ക് 265.5 ലക്ഷം രൂപയും ചേർത്ത് 710.39 ലക്ഷം രൂപ കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ടതായുണ്ട്. ഈ തുക ലഭിക്കാത്തതു കാരണം അടുത്ത കാലത്ത് പക്ഷിപ്പനി, പന്നിപ്പനി മൂലം നഷ്ടം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഈ ആവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചെന്നും എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായും ഉടൻ തുക അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു.

2023ൽ ഭേദഗതി ചെയ്ത എബിസി റൂൾ പ്രകാരം എബിസി കേന്ദ്രത്തിൽ നിയോഗിയ്ക്കപ്പെടുന്ന വെറ്റിനറി ഡോക്ടർ 2000 എബിസി സർജറികൾ ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ്. ഇതുമൂലം പുതുതായി വരുന്ന വെറ്റിനറി ഡോക്ടർമാർക്ക് എബിസി കേന്ദ്രങ്ങളിൽ നിയമിക്കപ്പെടാൻ ഉള്ള സാഹചര്യം കുറയുന്നു. 2000 എബിസി സർജറികൾ ഒരു ഡോക്ടർ ചെയ്തു എന്ന് സാക്ഷ്യപ്പെടുത്തി ലഭ്യമാക്കുന്നതും കണ്ടെത്തുന്നതും വലിയ ബുദ്ധിമുട്ടാണ്. ആയതിനാൽ  എ.ബി.സി ശസ്ത്രക്രിയ നടപടിക്രമങ്ങളിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഏതൊരു വെറ്ററിനറി ഡോക്ടർക്കും നായ്ക്കളിലും പൂച്ചകളിലും എ.ബി.സി ശസ്ത്രക്രിയ നടത്താവുന്നതാണ് എന്ന രീതിയിൽ ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ടു.

ALSO READ: ‘ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേരൂ’; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഒവൈസി

സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന എബിസി കേന്ദ്രങ്ങൾക്ക് അനുമതി ലഭ്യമാക്കുന്നതിന് അനുഭാവപൂർവ്വം നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പുതുക്കിയ എബിസി റൂൾ പ്രകാരം നിലവിൽ എറണാകുളം ജില്ലയിലെ രണ്ട് കേന്ദ്രങ്ങൾക്ക് അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എബിസി കേന്ദ്രങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുന്നതിനായി ആറുമാസത്തിനുള്ളിൽ അപേക്ഷിച്ചാൽ മതിയാവും. അപേക്ഷിക്കുന്ന മുറക്ക് അവയ്ക്കും പ്രവർത്തന അനുമതി നൽകുന്നതിന് ഉദാരമായ സമീപനം കൈക്കൊള്ളുമെന്നും കൂടാതെ എബിസി കേന്ദ്രങ്ങളിൽ നിയമിക്കപ്പെടുന്ന വെറ്റിനറി ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതിന് സാങ്കേതിക സാമ്പത്തിക സഹായം നൽകാമെന്നും അറിയിച്ചിട്ടുണ്ട്.

കേരള സംസ്ഥാനത്തിന് ‘കുളമ്പ് രോഗം’, ‘കുരലടപ്പൻ’ എന്നീ രോഗത്തിനെതിരെയുമുള്ള സംയുക്ത വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിൽ ഹരിയാന സംസ്ഥാനത്ത് മാത്രമാണ് ഈ സംയുക്ത വാക്സിൻ ഉപയോഗിക്കാൻ അനുമതിയുള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രസ്തുത വാക്സിൻ ഗുണപ്രദമാണെന്ന് മനസിലായതിനാൽ കേരളത്തിനും സംയുക്ത പ്രതിരോധ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി വേണം എന്ന ആവശ്യം ഉന്നയിച്ചു- മന്ത്രി വ്യക്തമാക്കി.

നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ (എൻ എൽഎം) ഇൻഷുറൻസ് പദ്ധതി

കേരളത്തിൽ കഴിഞ്ഞ സെൻസസ്പ്രകാരം ഏതാണ്ട് ആറ് ലക്ഷത്തോളം കറവപ്പശുക്കൾ ഉണ്ട് .മൊത്തം പശുക്കളെയും ഇൻഷുറൻസ് ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഗോ സമൃദ്ധി പദ്ധതിയും കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന NLM Insurance പദ്ധതിയും കൂടി സംയോജിപ്പിച്ചുകൊണ്ട് സമഗ്രമായ ഒരു പരിപാടി തയ്യാറാക്കി വരുന്നു. അതിനായി 3,35,060 പശുക്കളെ ഇൻഷുറൻസ് ചെയ്യുന്നതിനായി 57.3167 കോടി രൂപ കേന്ദ്ര വിഹിതമായി ആവശ്യപ്പെട്ടു.

ഈ തുക കൂടി ലഭ്യമായാൽ കേരളത്തിലെ എല്ലാ കറവ പശുക്കൾക്കും ഇൻഷുറൻസ് ലഭ്യമാകും.
തുക ലഭ്യമാക്കുന്നതിന് മുന്നോടിയായി നിലവിൽ സംസ്ഥാനം നടപ്പിലാക്കി വരുന്ന പദ്ധതികളുടെ 70% ചെലവഴിക്കേണ്ടതുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.അത് ഓഗസ്റ്റ് മാസത്തോടെ നേടാൻ കഴിയും.  ഇൻഷുറൻസ് പദ്ധതിക്കുള്ള തുക കേന്ദ്രത്തിൽ നിന്നും ഘട്ടം ഘട്ടമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻറ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രപദ്ധതി പ്രകാരം മൊത്തം 91.98 കോടി രൂപയുടെ കേന്ദ്ര സഹായമാവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പുതുതായി ആവശ്യപ്പെട്ടത് സംസ്ഥാന ധന സ്രോതസ്സ് ഉപയോഗപ്പെടുത്തി അധികമായി സ്ഥാപിക്കുന്ന 127 മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തന ചെലവിനാണ്. ആയതിന്റെ നടത്തിപ്പ് ചെലവിന്റെ 60% കേന്ദ്രസർക്കാരിൽ നിന്നും ലഭ്യമാക്കാനുള്ള പ്രൊപ്പോസലിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സഹായമായി 13.19 കോടി രൂപ ഈ പ്രൊപ്പോസലിലൂടെ ആവശ്യപ്പെടുന്നത്. കൂടാതെ തിരുവനന്തപുരം ജില്ലയിലെ പാലോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ (SIAD), ബയോ സേഫ്റ്റി ലെവൽ-3 സംവിധാനം സ്ഥാപിക്കുന്നതിന് 27.086കോടി രൂപയുടെ പ്രൊപ്പോസലിനും അനുമതി ആവശ്യപ്പെട്ടു.

സംസ്ഥാനം ആവശ്യപ്പെട്ട തുകയിൽ സംസ്ഥാന ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന 127 M V U ന്‍റെ നടത്തിപ്പ് ചെലവിനായി ആവശ്യപ്പെടുന്ന തുക (13.19 കോടി രൂപ) ഒഴിച്ച് ബാക്കിയുള്ള തുക അനുവദിക്കും. 127 മൊബൈൽ വെറ്റിനറി യൂണിറ്റിന്റെ നടത്തിപ്പ് ചെലവ് അനുവദിക്കുന്നതിന് കേന്ദ്ര ധന വകുപ്പിന്റെ അനുമതി ആവശ്യമാണ് എന്നാണ് അറിയിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി പർഷോത്തം റൂപാല കേരളം സന്ദർശിച്ചപ്പോൾ ഈ തുക അനുവദിക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. ആയതിനാൽ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി മുഖേന തന്നെ ഈ തുകയും ലഭ്യമാക്കുന്നതിന് സമ്മർദം ചെലുത്തും.

കേന്ദ്രസർക്കാരിൻറെ രാഷ്ട്രീയ ഗോകുൽ മിഷൻ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനായി കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് മുഖേന നടപ്പിലാക്കുന്ന പ്രധാനപ്പെട്ട രണ്ട് പുതിയ പദ്ധതികളുടെ രൂപരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചു.

കേരളത്തിലെ കർഷകരുടെ കന്നുകാലികളിലെ വന്ധ്യ നിവാരണത്തിനും IVF, ഭ്രൂണമാറ്റം ഉൾപ്പെടെ ഉള്ള നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ ഉൽപാദനശേഷിയുള്ള പശുക്കുട്ടികളെ സൃഷ്ടിക്കുകന്നതിനും അതുവഴി കൂടുതൽ ഉൽപാദനക്ഷമത കൈവരിക്കുന്നതിനുമായി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള 153 കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചു.

കൂടാതെ ജനിതക സാങ്കേതിക വിദ്യയിലൂടെ കന്നുകാലികളുടെ വർഗ്ഗോ ധാരണത്തിനായി 23.65 കോടി രൂപയുടെ പുതിയ പദ്ധതിയും അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതി പ്രകാരം അനുമതി ലഭിക്കുന്നതിന് നാഷണൽ സ്റ്റീയറിംഗ് കമ്മിറ്റിയുടെ അംഗീകാരം ആദ്യം വാങ്ങേണ്ടതുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രം നിഷ്കർഷിച്ച പ്രകാരം പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. നാഷണൽ സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാലുടൻ കേന്ദ്ര ഗവൺമെൻറ്ൽ നിന്നും ധനസഹായം ലഭിക്കും.

കേരള സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ കീഴിൽ NABL അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലാബിന്റെ നവീകരണത്തിനായി 5.14കോടി രൂപയുടെ ധനസഹായം കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായവകുപ്പ് മന്ത്രി .പശുപതി കുമാർ പരസ് നെ സന്ദർശിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രധാനമന്ത്രി കിസാൻ സമ്പട യോജന പദ്ധതിയിൽ ഒരു ഘടകം ദേശീയ റഫറൻസ് ലാബ് തലത്തിലേക്ക് ലാബുകളെ ഉയർത്തുന്നതിനായി ഉണ്ട്. അതുവഴി പ്രോജക്ട് അംഗീകാരത്തിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ധനസഹായം ലഭ്യമാക്കുമെന്ന് അറിയിച്ചതായും മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News