എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ചതായി പരാതി. പൂര്‍വ്വവിദ്യാര്‍ത്ഥിനി, കെ വിദ്യയ്‌ക്കെതിരെയാണ് കോളേജിന്റെ പരാതി. മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്ന് വ്യാജ രേഖയുണ്ടാക്കിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
കാസര്‍കോഡ് സ്വദേശിനിയായ പൂര്‍വ്വ വിദ്യാര്‍ഥിനിക്കെതിരെയാണ് മഹാരാജാസ് കോളേജ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായി ജോലിചെയ്തുവെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റിലെ കോളേജിന്റെ എംബ്ലവും സീലും വ്യജമാണെന്നും ചൂണ്ടിക്കാട്ടുന്നു. 2018 മുതല്‍ 21 വരെ മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്നാണ് സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി കോളേജില്‍ ഗസ്റ്റ്‌ലക്ചറര്‍ നിയമനം വേണ്ടിവന്നിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വി എസ് ജോയ് വിശദീകരിച്ചു.
Also Read: കെ എസ് ഇ ബിയുടെ പേരില്‍ വ്യജ കോള്‍; യുവാവിന് നഷ്ടപ്പെട്ടത് നിസാരത്തുകയല്ല
വ്യാജരേഖ ഉപയോഗിച്ച് പാലക്കാട്, കാസര്‍കോഡ് ജില്ലകളിലെ കോളേജുകളില്‍ യുവതി ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്നും ആരോപണമുണ്ട്. പിന്നീട് അട്ടപ്പാടി ഗവ.കോളേജില്‍ ഗസ്റ്റ്‌ലക്ചറര്‍ അഭിമുഖത്തിനു യുവതി ചെന്നപ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി അവിടത്തെ അധ്യാപകര്‍ മഹാരാജാസ് കോളേജ് അധികൃതരെ വിവരം അറിയിച്ചത്. ഇതെത്തുടര്‍ന്നാണ് യുവതിക്കെതിരെ മഹാരാജാസ് കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തെ സംബന്ധിച്ച് സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here