പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂട് തകർത്തതായി പരാതി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്‌കൂളിൽ പുൽക്കൂട് ഒരുക്കിയിരുന്നത്. തുടർന്ന് രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്.
സംഭവത്തിൽ സ്‌കൂൾ അധികൃതർ പൊലീസിന് പരാതി നൽകി. കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകരെയും വിദ്യാർഥികളെയും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതേസമയം, തത്തമംഗലം സ്കൂളിലെ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പാലക്കാട് എസ്പി ആർ. ആനന്ദ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here