അങ്കണവാടികളിലെ സമ്പൂര്‍ണ വൈദ്യുതവത്ക്കരണം ഈ വര്‍ഷം സാധ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അങ്കണവാടികളിലെ സമ്പൂര്‍ണ വൈദ്യുതവത്ക്കരണം ഈ വര്‍ഷം സാധ്യമാകുമെന്ന് ആരോഗ്യ, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കലുങ്കല്‍ വാര്‍ഡ് ഒന്‍പതിലെ 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ അങ്കണവാടികളും സ്മാര്‍ട്ട് ആക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ, വൈദ്യുതി വകുപ്പുകളുമായി ചേര്‍ന്നു വനിത ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയിലൂടെ വൈദ്യുതി ഇല്ലെന്ന് കണ്ടെത്തിയ അങ്കണവാടികള്‍ വൈദ്യുതവത്കരിച്ചു. സോളാര്‍ പാനലിലൂടെ മാത്രം വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുന്ന അങ്കണവാടികളില്‍ വൈദ്യുതി വകുപ്പ് ഈ പദ്ധതി നടപ്പാക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഒന്നു മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ആക്കി. സംസ്ഥാനത്തെ അങ്കണവാടികളും സ്മാര്‍ട്ട് ആക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ച അടിസ്ഥാനപ്പെടുത്തുന്നതില്‍ വളരെ പ്രധാനപ്പെട്ട ഇടമായ അങ്കണവാടികളുടെ പൊതു അന്തരീക്ഷം ശിശുസൗഹൃദപരവും സുരക്ഷിതവുമാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. കുട്ടികള്‍ അങ്കണവാടികളില്‍ നിന്ന് പഠിക്കുന്നതിന്റെ ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാക്കി. സ്മാര്‍ട് അങ്കണവാടിയാക്കുന്നതിന് സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 200 എണ്ണത്തില്‍ 12 എണ്ണം പത്തനംതിട്ട ജില്ലയില്‍ നിന്നായിരുന്നു. അതില്‍ ജില്ലയില്‍ ആദ്യം പൂര്‍ത്തിയായത് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ 17 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ഒന്‍പത് ലക്ഷം രൂപയും ചേര്‍ന്ന് 31 ലക്ഷം രൂപയ്ക്കാണ് നിര്‍മാണം പൂര്‍ത്തിയായത്. വിവിധ അങ്കണവാടികളുടെ അറ്റകുറ്റപണികള്‍ക്കും നവീകരണങ്ങള്‍ക്കുമായി ഏഴ് ലക്ഷം രൂപ 2021-22 ലും 5.64 ലക്ഷം രൂപ 2022-23 ലും അനുവദിച്ചു. അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ആഹാരം നല്‍കുന്നതിന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച മുട്ടയും പാലും പദ്ധതിക്ക് ഈ വര്‍ഷം കൂടുതല്‍ തുക വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയ കല്ലുങ്കല്‍ ഓതറപറമ്പില്‍ ഒ.ജെ. വര്‍ഗീസ്, മറിയാമ്മ വര്‍ഗീസ് ദമ്പതികളെ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ ആദരിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെണ്‍പാല, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എന്‍.എസ്. ഗിരീഷ് കുമാര്‍, ഷേര്‍ലി ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് ബേബി, വിഞ്ജു എലിസബത്ത് സേവ്യര്‍, ടി.എസ് സന്ധ്യാ മോള്‍, പി.വൈശാഖ്, ശ്യാം ഗോപി, കെ.മായാദേവി, ജിജോ ചെറിയാന്‍, ഗ്രേസി അലക്‌സാണ്ടര്‍, കെസിഇഡബ്ലുഎഫ്ബി വൈസ് ചെയര്‍മാന്‍ അഡ്വ ആര്‍.സനല്‍ കുമാര്‍, സി പി ഐ പ്രതിനിധി ബാബു കല്ലുങ്കല്‍, കോണ്‍ഗ്രസ് ഐ പ്രതിനിധി ബിനു കുര്യന്‍, ബി ജെ പി പ്രതിനിധി വിജയകുമാര്‍ മണിപ്പുഴ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബാലചന്ദ്രന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. ദിനേശ്, നെടുമ്പ്രം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. വിനയചന്ദ്രന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. അനിതാ ദീപ്തി, ഐസിഡിഎസ് പുളികീഴ് സിഡിപിഒ ഡോ. ആര്‍. പ്രീതാകുമാരി, എല്‍എസ്ജിഡി പുളിക്കീഴ് അസി. എക്‌സി.എന്‍ജിനീയര്‍ അനൂപ് രാജ്, എല്‍എസ്ജിഡി നെടുമ്പ്രം അസി എന്‍ജിനീയര്‍ ശ്രീജിത്ത്, നെടുമ്പ്രം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു ജിങ്കാ ചാക്കോ, റവ.തോമസ് തേക്കില്‍ കോര്‍ എപ്പിസ്‌കോപ്പാ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News