ഹാത്രസ് ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനെന്ന് എസ് പി എംപി അഖിലേഷ് യാദവ്. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. ശരിയായ ചികിത്സ കിട്ടാതെയാണ് നിരവധി പേര്‍ മരിച്ചത്. യുപി സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹത്രാസില്‍ മതപരമായ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 121 പേരാണ് മരണപ്പെട്ടത്.
സത്സംഗത്തിന് ശേഷം ബാബയെ കാണാനുള്ള ആളുകളുടെ തിക്കും തിരക്കുമാണ് അപകടത്തിന് പിന്നിൽ. ഇതിനിടയില്‍ വിശ്വാസികള്‍ ബാബയുടെ കാല്‍പ്പാദത്തിന് സമീപത്ത് നിന്നും മണ്ണ് ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ട്രക്കുകളില്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഇനിയും മരണസംഖ്യ കൂടാനാണ് സാധ്യതയെന്നാണ് വിവരം. സാകര്‍ വിശ്വ ഹരി ഭോലെ ബാബ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ 15,000ത്തോളം പേര്‍ തടിച്ചുകൂടിയിരുന്നു.
പരിപാടിക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരുന്നതായി അലിഗഢ് ഐജി ശല് മതുര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ ദൈവമാണ് ഭോലെ ബാബ എന്ന നാരായണ സാകര്‍. ഇയാളുടെ പ്രഭാഷണം കേള്‍ക്കാനെത്തിയവരാണ് അപകടത്തിനിരയായത്. ഐബി ഉദ്യോഗസ്ഥനായിരുന്ന നാരായണ സാകര്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ ഒളിവിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here