“ലോകത്തെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി പരിഗണനയിൽ”: പി ശ്രീരാമകൃഷ്ണന്‍

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളി പ്രവാസികൾക്കായി ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് നോര്‍ക്ക റൂട്ട്സ് നടപടി സ്വീകരിച്ചു വരികയാണെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമായി ആവിഷ്കരിച്ചിരിക്കുന്ന അഞ്ചു ലക്ഷം രൂപയുടെ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് ചുരുങ്ങിയ പ്രീമിയം തുക മതിയാകും. നോർക്ക സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനുള്ള നോർക്ക ഡയറക്ടർ ബോർഡിൻ്റെ തീരുമാനം സർക്കാർ അംഗീകാരത്തിനായി അയച്ചു കഴിഞ്ഞതായി പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. മലപ്പുറം സൂര്യ റീജൻസിയിൽ സംഘടിപ്പിച്ച ശില്പശാലയില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 62 പ്രവാസിസംരംഭകര്‍ പങ്കെടുത്തു.

വിവിധ സംരംഭകസഹായ പദ്ധതികള്‍, വിവിധ തരം ലൈസന്‍സുകള്‍, ജിഎസ്ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും നല്‍കി. നോർക്കാ റൂട്സിന്റെ വിവിധ പദ്ധതികും സേവനങ്ങളും സംബന്ധിച്ച് ജനറൽ മാനേജർ അജിത് കോളശ്ശേരി വിശദീകരിച്ചു. എന്‍ബിഎഫ്സി പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെവി, സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഷറഫുദ്ദീന്‍ ബി എന്നിവർ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ രവീന്ദ്രൻ സി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നടപ്പുസാമ്പത്തിക വർഷത്തെ ഏഴാമത് ബാച്ച് സംരംഭകത്വ പരിശീലന പരിപാടിയാണ് മലപ്പുറത്ത് സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News