ബിജു മുത്തത്തി
നൊബേല്‍ പുരസ്‌കാര ജേതാവായ ജര്‍മന്‍ എഴുത്തുകാരന്‍ എലിയാസ് കനേറ്റിയുടെ പ്രസിദ്ധമായ ‘ഓട്ടോ ദ ഫേ’ എന്ന നോവലിലെ പ്രൊഫസര്‍ പീറ്റര്‍ കെയിനിന് ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നു പുസ്തക സഞ്ചി. പ്രഭാത നടത്തത്തില്‍ പോലും അദ്ദേഹം അത് കൂടെ കൊണ്ടുനടന്നു. വിയന്നയിലെ ഏറ്റവും വലുതും ആര്‍ക്കുമില്ലാത്തതുമായ ഒരു പുസ്തക ശേഖരം സ്വന്തമായുണ്ടായിട്ടും അദ്ദേഹം പുസ്തകശാലകള്‍ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. മുണ്ടും മടക്കിക്കുത്തി മഹാഗ്രന്ഥങ്ങള്‍ നിറച്ച തുണിസഞ്ചിയും തോളിലിട്ട് എകെജി സെന്ററില്‍ നിന്നിറങ്ങി മോഡേണ്‍ ബുക്‌സിലേക്കോ പഴയ ബ്രിട്ടീഷ് ലൈബ്രറിയിലേക്കോ യൂനിവേഴ്‌സിറ്റി ലൈബ്രറിയിലേക്കോ നടന്നു പോകുന്ന പി ഗോവിന്ദപ്പിള്ളയെ കണ്ടവര്‍ എലിയാസ് കനേറ്റിയുടെ പീറ്റര്‍ കെയിനിനെയാണ് ആദ്യ ഓര്‍ക്കുക.
ALSO READ: ചൂരല്‍മല ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ ഡിവൈഎഫ്ഐ, സിപിഐഎം സമരം
ഒരു വ്യാഴവട്ടം മുമ്പുവരെ തലസ്ഥാന നഗരിയുടെ ഏറ്റവും നിറമുള്ളൊരു ധൈഷണിക കാഴ്ചയായിരുന്നു പുസ്തകങ്ങളില്‍ നിന്ന് പുസ്തകങ്ങളിലേക്കുള്ള സഖാവ് പി ജിയുടെ സഞ്ചാരങ്ങള്‍. സാഹിത്യമായാലും ചരിത്രമായാലും ശാസ്ത്രമായാലും തത്വചിന്തയായാലും രാഷ്ട്രമീമാംസയായാലും കേരളം കണ്ട ഏറ്റവും തലയെടുപ്പുള്ള ചിന്തകരിലൊരാളായിരുന്നു പെരുമ്പാവൂര്‍ പുല്ലുവഴി പരമേശ്വരന്‍പിള്ള ഗോവിന്ദപിള്ള. ഇഎംഎസിന്റെയും കെ ദാമോദരന്റെയും എന്‍ ഇ ബലറാമിന്റെയും തുടര്‍ച്ചയായ ഈ മര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന് പരിചയമില്ലാത്തൊരു വിജ്ഞാനമണ്ഡലവുമുണ്ടായിരുന്നില്ല.
ബോംബെ സെന്റ് സേവിയേഴ്‌സ് കോളേജിലെ പഠനകാലത്തു തന്നെ പിജി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലിലടക്കപ്പെട്ടിരുന്നു. 1946-ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1952-ല്‍ തിരുകൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967-ലും 1977-ലും കേരള നിയമസഭാംഗം. 1962-ല്‍ ചൈനാ ചാരനെന്ന് ആരോപിക്കപ്പെട്ടും ജയിലിലായി.
ALSO READ: സുഖ്മയില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന പത്ത് മാവോയിസ്റ്റുകളെ വധിച്ചു
രണ്ടുപതിറ്റാണ്ടുകാലം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്നു പി ഗോവിന്ദപിള്ള. തിരുവനന്തപുരത്തെ സി.ഡിറ്റും തൃശൂരിലെ സ്‌കൂള്‍ ഒഫ് ഡ്രാമയും പി ജിയുടെ ഭാവനയായിരുന്നു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള കഎഎഗ വിഭാവനം ചെയ്തത് അന്ന് കെഎസ്എഫ്ഡിസി ചെയര്‍മാനായ പി ഗോവിന്ദപിള്ളയാണ്. അക്കാലത്തെ ഒരു ഓപ്പണ്‍ ഫോറത്തില്‍ പൊളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയുമായി പി ജി നടത്തിയ തീപ്പൊരി സംവാദം പ്രസിദ്ധമാണ്. കമ്മ്യൂണിസത്തിന്റെ ആത്മീയ ദാരിദ്ര്യത്തെക്കുറിച്ച് പ്രസംഗിച്ച സനൂസിയോട് മതത്തിന്റെ ഭൗതിക ദുരാര്‍ത്തികള്‍ പറഞ്ഞ് പിജി തടുത്തു നിന്നു. സനൂസി സ്റ്റാലിനിസ്റ്റ് ക്രൂരതകള്‍ നിരത്തിയപ്പോള്‍ പോയി മതങ്ങള്‍ കൊന്ന മനുഷ്യ ജീവനുകളുടെ കണക്കെടുക്കാന്‍ പറഞ്ഞു പിജി.
വിശ്വവിജ്ഞാന ലോകത്തേക്ക് സദാ കണ്ണുതുറന്നു നിന്ന പിജിയുടെ അസാന്നിധ്യം ഒരു വ്യാഴവട്ടത്തിനു ശേഷവും മലയാളിയുടെ ധൈഷണിക ലോകത്തിന്റെ വലിയ നഷ്ടമായി തന്നെ അവശേഷിക്കുന്നു. വായിച്ചും എഴുതിയും തീരാത്ത ഈ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികന്റെ ഓര്‍മ്മകള്‍ പറയാതെ മലയാളിക്ക് ഒരു ധൈഷണിക ചരിത്രമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here