ശൈലജ ടീച്ചർ വിജയിച്ചാലേ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം സഫലമാകൂ: ഇടതുപക്ഷത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് പുഷ്പൻ

വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് വോട്ടഭ്യർത്ഥിച്ച് ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ. ശൈലജ ടീച്ചർ വിജയിച്ചാലേ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം സഫലമാകൂ എന്നും അതിനായി ശാരീരിക ബുദ്ധിമുട്ടുകൾ തരണം ചെയ്തും വോട്ട് ചെയ്യാനെത്തുമെന്നും പുഷ്പൻ തന്റെ കുറിപ്പിൽ പറയുന്നു.

Also Read: കശുവണ്ടി മേഖലയുടെ തകർച്ചയിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും പങ്ക്; വെളിപ്പെടുത്തലുമായി ആർഎസ്പി നേതാവ്

വോട്ടഭ്യർത്ഥനയുടെ പൂർണരൂപം

പ്രിയപ്പെട്ടവരെ

നിങ്ങളെ നേരിൽ കണ്ട് പറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. അതികഠിനമായ ഈ വേനലിൽ എനിക്ക് അതിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ഞാനതിന് ശ്രമിച്ചു നോക്കി. ഉരുകി തിളയ്ക്കുന്ന ഈ ചൂടിൽ എന്റെ ശാരീരിക അസ്വസ്ഥതകൾ കാരണം ആ ആഗ്രഹം നടന്നില്ല. ഭരണകൂടത്തിന്റെ ഇരയാണ് ഞാൻ. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭരണകാലം പൊലീസാണ് സമരം ചെയ്ത എനിക്ക് നേരെ വെടിയുതിർത്തത്. ഇടതുപക്ഷക്കാരനായതു കൊണ്ടു മാത്രം മാധ്യമങ്ങളുടെ ലാളനയും എനിക്കില്ല. സോഷ്യൽ മീഡിയയിൽ, വലത് – സംഘി സ്പെയിസിൽ എനിക്കെതിരെയും ഞങ്ങളുടെ പോരാട്ടത്തെയും നെറികെട്ട രീതിയിൽ ഇന്നും ആക്രമിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ശാരീരിക പ്രയാസങ്ങൾക്കിടയിൽ വോട്ട് ചെയ്യാനുള്ള യാത്ര പോലും എനിക്ക് അതികഠിനമാണ്. അതിശക്തമായ ഈ ചൂടുകാലം അതിജീവിക്കുക എനിക്കേറെ പ്രയാസകരമാണ്. എന്നാൽ ഇത്തവണ എന്തായാലും ഞാൻ വോട്ട് ചെയ്യാൻ എത്തും. വേദന നിറഞ്ഞ ആ യാത്ര നൽകുന്ന ഏത് വിഷമങ്ങളും എന്റെ പ്രസ്ഥാനത്തിന് വേണ്ടി ഞാൻ സഹിക്കും. കാരണം വടകരയിൽ നമ്മൾ ഇത്തവണ ജയിക്കണം. നമ്മുടെ ശൈലജ ടീച്ചർ വിജയിച്ചാലേ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടം സഫലമാകൂ. വൈറസുകൾക്കെതിരെ ടീച്ചർ നയിച്ച പോരാട്ടം കേരളം ഒരേ മനസ്സോടെ ഏറ്റെടുത്തതാണ്. ഏകാധിപതിയായ മോഡിയെ ചോദ്യം ചെയ്യുന്നത് വൃന്ദാ കാരാട്ടിനെ പോലുള്ള ധീരരായ ഇടതുപക്ഷ നേതാക്കളാണ്. മുസ്ലീം ന്യൂനപക്ഷ വിദ്വേഷ പ്രചരണം നടത്തിയ സമയത്ത് ഒടുവിൽ നാമത് കണ്ടതാണ്. വൃന്ദാ കാരാട്ടിനൊപ്പം പോരാട്ട വഴികളിൽ ടീച്ചറുടെ ശബ്ദവും അധികാരത്തിന്റെ ഇടനാഴികളിൽ ഉയരണം.
സൈബർ സ്പെയിസിൽ കൂത്താടുന്ന വലതുപക്ഷ യുവനേതാക്കൾ ഈ തെരഞ്ഞെടുപ്പുകാലം എന്നെ സങ്കടപ്പെടുത്തിയ ഒന്നായിരുന്നു. അമ്മയും സഹോദരിമാരും ഇവർക്കും ഉണ്ടായിരിക്കില്ലേ? ടീച്ചറെ പോലെയുള്ള ഒരു നേതാവിനെ ഇങ്ങനെ സൈബറിടത്തിൽ വേട്ടയാടുന്നവരെ പോലും വിശുദ്ധരാക്കുന്ന മാധ്യമങ്ങളിലും എനിക്ക് പ്രതീക്ഷ ഇല്ല. എത്ര പെയിഡ് ന്യൂസ് വാർ റൂമുകൾ തുറന്നാലും വിഷം വമിക്കുന്ന പ്രചരണങ്ങൾ നടത്തിയാലും ഇടതുപക്ഷം ഒരുമിച്ച് ഒറ്റ മനസ്സായി ഇറങ്ങിയാൽ അതൊന്നും ഇവിടെ വിലപ്പോകില്ല. സർവെകളെ വിശ്വസിച്ചിരുന്നുവെങ്കിൽ തുടർച്ചയായി രണ്ടാമതും നമ്മൾ കേരളത്തിൽ അധികാരത്തിൽ എത്തില്ലായിരുന്നു. ഇത് കേരളമാണ്. അവിടെ കരുത്തുറ്റ ഇടതുപക്ഷമുണ്ട്. അവസാന ശ്വാസംവരെ ബി ജെ പി യെയും അവരുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെയും നേരിടുന്നവർ.

സൂറത്ത് ഒരു പാഠമാണ്. രണ്ടര ലക്ഷം വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ കോൺഗ്രസിന് ബി ജെ പി ക്കെതിരെ ഒരു സ്ഥാനാർഥിയെ നിർത്താൻ കഴിയാത്തതിനാൽ അവിടെ ബി ജെ പി എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു. ഈ കോൺഗ്രസിനെക്കാളും നിങ്ങൾക്ക് ഇടതുപക്ഷത്തെ വിശ്വസിക്കാം.

Also Read: നിശബ്ദ പ്രചാരണങ്ങൾക്കും വിരാമം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

പ്രിയപ്പെട്ടവരെ

ഇനി മണിക്കൂറുകൾ മാത്രം. വടകര പാർലമെൻ്റ് മണ്ഡലത്തിലെ തലശേരി നിയോജക മണ്ഡലത്തിൽ നോർത്ത് മേനപ്രം എൽ.പി സ്കൂളിലെ 157ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ ഞാൻ നാളെ രാവിലെഎത്തും. നമ്മുടെ എല്ലാ വോട്ടും ഒരാളെ പോലും വിട്ടുപോകാതെ ബൂത്തുകളിൽ എത്തിക്കാൻ നിങ്ങൾ ഉണ്ടാകണം. ഇടതുപക്ഷമുണ്ടെങ്കിലേ ഇന്ത്യയും ജനാധിപത്യവും നിലനിൽക്കൂ. കേരളം ആ ചരിത്രവിധി ഇത്തവണ എഴുതും. ലോകത്ത് ആദ്യമായി ഇടതുപക്ഷത്തെ അധികാരത്തിൽ ഏറ്റിയ മണ്ണാണിത്. ഫാസിസത്തിന് ചിതയിടാൻ നിങ്ങൾ ഇറങ്ങണം. ഒരുമ്പെട്ടിറങ്ങണം.
സസ്നേഹം….

നിങ്ങളുടെ സ്വന്തം

പുഷ്‌പൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News