‘ശരീരമനക്കാന്‍ വയ്യാതെ കിടക്കുമ്പോഴും തലമുറയെ നിരന്തരം സമര സന്നദ്ധരാക്കുന്ന വഴിവിളക്കായി പുഷ്പന്‍ മാറി’; ഡിവൈഎഫ്ഐ

PUSHPAN

കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ കേരളത്തിന്റെ യുവജനസമര ചരിത്രത്തിലെ ഉജ്ജ്വലമായ ഏടായിരുന്നുവെന്ന് ഡിവൈഎഫ്ഐ. ശരീരമനക്കാന്‍ വയ്യാതെ കിടക്കുമ്പോഴും തലമുറയെ നിരന്തരം സമര സന്നദ്ധരാക്കുന്ന വഴിവിളക്കായി പുഷ്പന്‍ മാറിയിരുന്നുവെന്നും ലോകത്തെമ്പാടുമുള്ള എല്ലാ യുവജന പോരാളികള്‍ക്കും ആവേശമായ സഖാവ് പുഷ്പന്റെ വിടവാങ്ങല്‍ കേരളത്തിലെ യുവജന പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് എന്നും ഡിവൈഎഫ്ഐ അനുശോചന കുറിപ്പിൽ കുറിച്ചു.

ഡിവൈഎഫ്ഐയുടെ അനുശോചന കുറിപ്പ്; പൂർണ്ണ രൂപം

കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്ന ഐതിഹാസികമായ പോരാട്ടത്തില്‍ കൂത്തുപറമ്പില്‍ വെച്ച് പോലീസിന്റെ വെടിയുണ്ടയേറ്റ് ശരീരം തളര്‍ന്ന് കഴിഞ്ഞ 30 വര്‍ഷത്തോളമായി കിടപ്പ് ജീവിതത്തിലായിരുന്നു. കേരളത്തിന്റെ യുവജനസമര ചരിത്രത്തിലെ ഉജ്ജ്വലമായ ഏടായിരുന്നു സഖാവ് പുഷ്പന്റെ ജീവിതം. ശരീരമനക്കാന്‍ വയ്യാതെ കിടക്കുമ്പോഴും തലമുറയെ നിരന്തരം സമര സന്നദ്ധരാക്കുന്ന വഴിവിളക്കായി പുഷ്പന്‍ മാറി. 1994 നവംബര്‍ 25ന് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ യുവാക്കള്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നിരായുധരായി സമാധാനപരമായി നടത്തിയ കരിങ്കൊടി കാണിക്കല്‍ സമരത്തിന് നേരെ കൂത്തുപറമ്പില്‍ വെച്ച് കെ കരുണാകരന്റെ പോലീസ് നിഷ്ഠൂരമായി വെടിയുതിര്‍ത്തു. സഖാക്കള്‍ രാജീവന്‍, ബാബു, റോഷന്‍, മധു, ഷിബുലാല്‍ എന്നീ ധീരര്‍ രക്തസാക്ഷികളാവുകയും സഖാവ് പുഷ്പന്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പില്‍ സുഷുമ്‌നാനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായ പുഷ്പന്റെ മനസ്സാന്നിധ്യവും ആശയ കരുത്തും ലോകത്താകെയുള്ള പോരാളികള്‍ക്ക് മാതൃകയും ആവേശവുമാണ്. പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും പ്രത്യയശാസ്ത്രപരമായ ധാരണയും കരുത്തും പുഷ്പനുണ്ടായിരുന്നു. വലതുപക്ഷ മാധ്യമങ്ങളും പിന്തിരിപ്പന്‍ ശക്തികളും ഒരുപോലെ ശ്രമിച്ചിട്ടും പുഷ്പനിലെ പോരാളിയെ തളര്‍ത്തുവാനോ തകര്‍ക്കുവാന്‍ സാധിച്ചില്ല. യാതനയുടെയും വേദനയുടെയും നാളുകളിലൂടെ കടന്നു പോകുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്ന ആശയധാരയ്ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തന്റെ വിപ്ലവ ജീവിതം അദ്ദേഹം ഇതിഹാസമാനമാക്കി. ലോകത്തെമ്പാടുമുള്ള എല്ലാ യുവജന പോരാളികള്‍ക്കും ആവേശമായ സഖാവ് പുഷ്പന്റെ വിടവാങ്ങല്‍ കേരളത്തിലെ യുവജന പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. സഖാവ് ഉയര്‍ത്തിപിടിച്ച പോരാട്ടവീര്യവും ആശയദൃഢതയും പ്രസ്ഥാനത്തിന് എന്നും പ്രചോദനമാണ്. സഖാവ് പുഷ്പന്റെ വിയോഗത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു സഖാവിന്റെ കുടുംബത്തിന്റെയും പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News