കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാര്‍ ഉടമയ്ക്കെതിരെ നടപടിയ്ക്ക് നിര്‍ദ്ദേശം. ബസ്റ്റാന്റുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ചുള്ള പരാതികളില്‍ ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ടിരുന്നു.കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ കെഎസ്ആര്‍ടിസിയുടെ ചില ഡിപ്പോകള്‍ സന്ദര്‍ശിക്കുകയും ഇവിടങ്ങളിലെ ശൗചാലയങ്ങളില്‍ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നുള്ളത് വ്യക്തമാകുകയും ചെയ്തിരുന്നു.
ALSO READ: ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗം; ദില്ലിയിലെ കൊടുംചൂടിൽ മലയാളി പൊലീസുകാരന്‍ മരിച്ചു
കെഎസ്ആര്‍ടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാര്‍ ഉടമ്പടിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുന്നതിന് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും സിഎംഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡുകളില്‍ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിര്‍ത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കുവാനും ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here