മധ്യപ്രദേശ് സര്‍ക്കാരിന്റെ വിവാഹ സമ്മാന കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും

മധ്യപ്രദേശില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ വധൂവരന്മാര്‍ക്ക് നല്‍കിയ വിവാഹ സമ്മാന കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മുഖ്യമന്ത്രി കന്യ വിവാഹ്/നികാഹ് യോജന പദ്ധതിപ്രകാരമാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ദമ്പതികള്‍ക്ക് വിതരണം ചെയ്ത മേക്കപ്പ് ബോക്സിനകത്താണ് കോണ്ടം പാക്കറ്റുകളും ഗര്‍ഭനിരോധന ഗുളികകളും വെച്ചത്.

സംഭവം വിവാദമായതോടെ കൂടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിതരണം ചെയ്തതാണിവ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പദ്ധതിപ്രകാരം പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ട 55000 രൂപയില്‍ 49000 പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമാണ് ചെലവഴിച്ചതെന്നും ജില്ലാ അധികാരി ഭൂര്‍സിങ് റാവത്ത് പറഞ്ഞു. വിവാഹ സമ്മാന കിറ്റ് വിതരണം പദ്ധതിയുടെ ഭാഗമല്ലെന്നും റാവത്ത് പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ 2006 ഏപ്രിലിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മുഖ്യമന്ത്രി കന്യ വിവാഹ്/നികാഹ് യോജന എന്ന പദ്ധതി ആരംഭിച്ചത്. പദ്ധതിപ്രകാരം വധുവിന്റെ കുടുംബത്തിന് 55,000 രൂപ ലഭിക്കും. കഴിഞ്ഞ വര്‍ഷം വിവാഹ പദ്ധതിയിലെ വധുക്കള്‍ക്ക് ഗര്‍ഭ പരിശോധന നടത്തിയത് വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News