കണ്ണില്ലാത്ത ക്രൂരതയ്ക്ക് പേരുകേട്ട തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴ ജില്ലയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് കുറുവാ മോഷണ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കോമളപുരം സ്പിന്നിങ്ങ്മില്ലിന് സമീപത്തുള്ള രണ്ട് വീടുകളിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ 30ന് ആലപ്പുഴയിലെ നേതാജി ജംക്ഷനിൽ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് മേഖലയിലെ നാട്ടുകാർ രാത്രി പട്രോളിങും മറ്റും നടത്തി കുറച്ച്ദിവസം ജാഗരൂകരായതോടെ സംഘം തിരിച്ചു പോയിരിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ, പുതിയ സംഭവ വികാസങ്ങൾ കുറുവാ സംഘം ആലപ്പുഴയിൽ തന്നെ തമ്പടിച്ചിട്ടുള്ളതായാണ് സൂചിപ്പിക്കുന്നത്. മുഖം മറച്ച് അര്‍ധ നഗ്നരായി എത്താറുള്ള കുറുവാ സംഘം പൊതുവേ അക്രമകാരികളായ മോഷ്ടാക്കളായാണ് അറിയപ്പെടുന്നത്.
പകൽ സമയങ്ങളിൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന സ്ത്രീകളുൾപ്പടെയുള്ള ഇവരുടെ സംഘാംഗങ്ങൾ ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും നോക്കിവെച്ച് അടയാളപ്പെടുത്തും. തുടർന്ന് മോഷണം നടത്താൻ തീരുമാനിക്കുന്ന ദിവസം അർധനഗ്ന ശരീരത്തിൽ എണ്ണയും കരിയും പുരട്ടി പുറത്തിറങ്ങും. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. പിടിക്കപ്പെടാനിടയായാൽ അതിക്രൂരമായി ആക്രമിച്ച് രക്ഷപ്പെടാനും ഇക്കൂട്ടർ ശ്രമിക്കും. കേരള – തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം.
കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്ത് വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതാണ് രീതി. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം മോഷ്ടാക്കൾ വീട്ടിന് അകത്തേക്ക് കയറും. ആറു മാസം വരെ വീടുകൾ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്. മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇവർ താമസിക്കുക. കുറുവ സംഘത്തിന് കേരളത്തിൽ പ്രിയമുള്ള ജില്ലകളിലൊന്നാണ് ആലപ്പുഴയാണെന്നാണ് പൊതുവെ കരുതുന്നത്. സംഭവത്തിൻ്റെ ഭാഗമായി മണ്ണഞ്ചേരിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here