മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. സായുധ സംഘം ജിരിബാം ജില്ലയിലെ ഒരു ഗ്രാമം ആക്രമിച്ചു. വെടിവയ്പ്പും ബോംബാക്രമണങ്ങളും നടന്നതായി റിപ്പോര്‍ട്ട്. ദില്ലിയില്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയെന്ന് ബിജെപി അവകാശപ്പെട്ടതിന് പിന്നാലെയാണ് ദിവസങ്ങള്‍ക്കുളളില്‍ സംഘര്‍ഷമുണ്ടായത്.
Also read:പോളിയോ പേടിയിൽ പാകിസ്ഥാൻ; പുതിയ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
മണിപ്പുരിലെ ജിരിബാം ജില്ലയിലെ ഒരു ഗ്രാമമാണ് പുലര്‍ച്ചെയോടെ സായുധസംഘം ആക്രമിച്ചത്. അത്യാധുനിക ആയുധങ്ങളുമായെത്തിയ സംഘം വെടിയുതിര്‍ക്കുകയും ബോംബ് ഏറിയുകയും ചെയ്തതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സിആര്‍പിഎഫും പൊലീസും തിരിച്ചടിച്ചതായും കനത്ത വെടിവയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ സുരക്ഷാ സേനയെ സംഭവസ്ഥലത്തെത്തിച്ചു.
ബോറോബെക്ര പൊലീസ് സ്റ്റേഷന് സമീപമുള്ള ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ കുക്കി, മെയ്‌തെയ്, നാഗ വിഭാഗം എംഎല്‍എമാരെ വിളിച്ചു ചേര്‍ത്ത് സമാധാന ചര്‍ച്ച നടത്തിയത്. എന്നാല്‍ കേന്ദ്രആഭ്യന്തര ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്ത ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ദിവസങ്ങള്‍ക്കുളളിലുണ്ടായ സംഘര്‍ഷം.
മാത്രമല്ല, മണിപ്പുരില്‍ ഒന്നര വര്‍ഷം മുമ്പ് പൊട്ടിപ്പുറപ്പെട്ട കലാപം അവസാനിപ്പാക്കാന്‍ കഴിയാത്ത ബീരേന്‍ സിംഗ് സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എമാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. 20 ബിജെപി എംഎല്‍എമാരാണ് ബീരേന്‍ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 2023 മെയില്‍ ആരംഭിച്ച കലാപത്തില്‍ 200ല്‍ അധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here