ഡല്‍ഹി വെടിനിര്‍ത്തല്‍ സന്ധി തെറ്റിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും കലഹം. ഇത്തവണയും കലഹത്തിന്റെ ഒരറ്റത്ത് കെ മുരളീധരന്‍ തന്നെയാണ്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദിയില്‍ സംസാരിക്കാന്‍ അവസരം കിട്ടാത്തതില്‍ അതൃപ്തനായ കെ മുരളീധരന്‍ പരസ്യപ്രതികരണത്തിന് ഒരുങ്ങുന്നുവെന്നാണ് സൂചന.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദി തന്നെ കേരളത്തിലെ നേതാക്കളുടെ മൂപ്പിളതര്‍ക്കത്തിന് വേദിയായത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വവും ഗൗരവത്തിലാണ് കാണുന്നത്. തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലായിരുന്നു കെ മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചത്. വിളിച്ച് വരുത്തി അപമാനിച്ചു എന്നാണ് മുരളീധരന്റെ പരാതി.
ആഘോഷ വേദിയില്‍ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. വേദിയിലെത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന് ഇരിക്കാന്‍ ഇരിപ്പിടവും ആദ്യം ലഭിച്ചിരുന്നില്ല. പ്രസംഗിക്കാന്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരെ ക്ഷണിച്ചിട്ടും തന്നെ ഒഴിവാക്കിയതെന്തെന്ന് മുരളീധരന്‍ കെപിസിസി അധ്യക്ഷനോട് ചോദിക്കുകയും ചെയ്തിരുന്നു. സദസ്സ് നിയന്ത്രിച്ചവര്‍ മറന്നു പോയതാവാമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സുധാകരന്റെ മറുപടിയിലും കെ മുരളീധരന്‍ അതൃപ്തനാണെന്നാണ് വിവരം.
കെ സുധാകരനാണ് തന്നെ ഒഴിവാക്കിയതെന്ന പരാതി കെ മുരളീധരന്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കെപിസിസി നേതൃത്വം അവഗണിച്ചുവെന്ന പരാതി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് മുന്നില്‍ കെ മുരളീധരന്‍ നേരിട്ട് ഉന്നയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയും എംഎം ഹസനും മാത്രമായിരുന്നു വേദിയില്‍ പ്രസംഗിച്ചത്. പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ ശശി തരൂര്‍ എംപിയും അതൃപ്തനാണ്. കെപിസിസി അധ്യക്ഷന്‍ പ്രത്യേകം ക്ഷണിച്ചതിനെ തുടര്‍ന്നാണ് ശശി തരൂര്‍ എത്തിയത്. ഇതിനിടെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദിയില്‍ അവഗണിച്ചതായി പല മുതിര്‍ന്ന നേതാക്കള്‍ക്കും പരാതിയുണ്ട്. പരിപാടിയുടെ സംഘാടനത്തിനെതിരെയുള്ള പരാതികകളില്‍ ഇവരും പ്രതികരിച്ചേക്കുമെന്ന് സൂചനയുണ്ട്.
നേരത്തെ കെപിസിസി നേതൃത്വത്തിനെതിരെ എംപിമാരായ കെ മുരളീധരനും എംകെ രാഘവനും പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കും കെ സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും, നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ടിയില്‍ സ്ഥാനമുള്ളുവെന്നും നോട്ടീസ് നല്‍കിയ വിഷയത്തില്‍ കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് പാര്‍ട്ടിയിലെന്നും പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണെന്നും ലീഗില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവനും പ്രതികരിച്ചിരുന്നു.
കെ മുരളീധരനും എംകെ രാഘവനും എതിരെ സുധാകരന്‍ അച്ചടക്ക നോട്ടീസ് അയച്ച വിഷയം അടക്കം ചൂണ്ടിക്കാണിച്ച് കേരളത്തില്‍ നിന്നുള്ള ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഈ വിഷയത്തിന് പുറമെ തീരുമാനങ്ങളില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല, സുധാകരന്‍ ഏകപക്ഷീയമായ പുന:സംഘടനയുമായി മുന്നോട്ടുപോകുന്നു, നേതൃത്വം നിഷ്‌ക്രിയമാണ് തുടങ്ങിയ ഗൗരവമുള്ള പരാതികളാണ് എംപിമാര്‍ നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിരുന്നത്. മുരളീധരന് നോട്ടീസ് നല്‍കിയതിനെതിരെ രമേശ് ചെന്നിത്തലയും എംഎം ഹസനും രംഗത്ത് വന്നിരുന്നു. നോട്ടീസ് നല്‍കിയത് തെറ്റായ കീഴ്വഴക്കമാണെന്നായിരുന്നു ഇരുനേതാക്കളുടെയും നിലപാട്.
എംപിമാരുടെ പരാതിയില്‍ കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ കേരള നേതാക്കളുടെ യോഗം വിളിച്ചിരുന്നു.ഏകപക്ഷീയമായ നീക്കങ്ങളുമായി മുന്നോട്ടുപോകരുതെന്ന സന്ദേശം ഹൈക്കമാന്‍ഡ് ഈ യോഗത്തില്‍ സുധാകരന് നല്‍കിയിരുന്നു. പുനഃസംഘടനയില്‍ അന്തിമ തീരുമാനത്തിന് പുതിയ സമിതി രൂപീകരിക്കാനും അന്ന് തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പുതിയ സമിതിയും രൂപീകരിച്ചിരുന്നു. അന്ന് ഡല്‍ഹി ചര്‍ച്ചയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണ പുതിയ സംഭവവികാസത്തോടെ പാളുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here