മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസി കുവൈത്ത് ഘടകത്തില്‍ അധികാരത്തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന നേതൃതര്‍ക്കത്തിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം അബാസിയയിലെ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം പ്രധാനരേഖകള്‍ ഉള്‍പ്പെടെ നശിപ്പിച്ചതായും ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ALSO READ: പൗരത്വ നിയമ ഭേദഗതിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്ര നിർമാണമാണ്: എം വി ഗോവിന്ദൻ മാസ്റ്റർ
കുവൈത്ത് കെഎംസിസിയില്‍ കാലങ്ങളായി തുടരുന്ന നേതൃതര്‍ക്കമാണ് ഇപ്പോള്‍ തുറന്ന പോരിലേക്കും കയ്യാങ്കളിയിലേക്കും എത്തിയിരിക്കുന്നത്. പോയവാരം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുന്‍ പ്രസിഡന്റും നിലവിലെ ജനറല്‍ സെക്രട്ടറിയുമായ ഷെറഫുദ്ധീന്‍ കണ്ണെത്തും നിലവിലെ പ്രസിഡന്റ് നാസര്‍ മഷ്ഹൂര്‍ തങ്ങളും തമ്മില്‍ പരസ്യമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ജനറല്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്യുകയും മൈക്ക് തട്ടിപ്പറിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം അബ്ബാസിയയിലെ സംസ്ഥാനകമ്മിറ്റി കാര്യാലയത്തില്‍ അക്രമം അരങ്ങേറിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഓഫീസില്‍ നടന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെഎംസിസി കുവൈത്ത് ഘടകത്തില്‍ അധികാരത്തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം ഇടപെടുകയും , മുന്‍ എംഎല്‍എ അബ്ദുല്‍ റഹ്‌മാന്‍ രണ്ടത്താണിയുടെ മേല്‍നോട്ടത്തില്‍ സമവായത്തിലൂടെ പുതിയ കമ്മിറ്റിക്ക് രൂപം നല്കുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ പ്രസിഡന്റും ഷെറഫുദ്ധീന്‍ കണ്ണേത്ത് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രധാന ഭാരവാഹികളായി ഉള്ളത് . ഇരുവരെയും അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ ആണ് പുണ്യമാസത്തിലും പരസ്പരം പോര്‍വിളി നടത്തി മേല്‍കോയ്മക്കായി തല്ലുകൂടുന്നത്. കെഎംസിസി കുവൈത്ത് ഘടകത്തിലെ തുറന്ന പോര് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് കാലത്ത് വലിയ തലവേദനയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here