മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച സംഭവം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ച് മാത്രമാണ് പരിശോധനകള്‍ എന്നാണ് വിമര്‍ശനം. എന്‍ഡിഎ നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വിടണമെന്നും ആവശ്യം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധന. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സമസ്തിപൂരില്‍ വെച്ച് ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഖാര്‍ഗെ മുസാഫര്‍പൂരില്‍ അടുത്ത പ്രചാരണത്തിന് പോകാന്‍ ഇരിക്കെയാണ് പരിശോധന നടന്നത്. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമെന്നും എന്‍ ഡി എ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ എന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ വിമര്‍ശിച്ചു.

കേരളത്തില്‍ പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത് നേരത്തെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കമ്മീഷന്‍ നടത്തിയ ഇത്തരം പരിശോധനകളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration