ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അതി സുരക്ഷാ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാർ കൊല്ലപ്പെട്ടു. 24 പേർ സുരക്ഷാസേനയുടെ വെടിയേറ്റും ബാക്കിയുള്ളവർ പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാനമായ രീതിയിൽ ഏഴ് വർഷങ്ങൾക്ക് മുൻപ് 4000 തടവുകാരാണ് ഈ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. അത്തരത്തിലുള്ള മറ്റൊരു ശ്രമമാണ് ഇപ്പോൾ പരാജയപ്പെട്ടത്.
കോംഗോയുടെ തലസ്ഥാനമായ കിൻഷസയിലെ മകാല സെൻട്രൽ ജയിലിൽ നിന്നുമാണ് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചത്. ജയിലിലെ മതിൽ തുരന്ന് പുറത്തുകടക്കുവാനായിരുന്നു തടവുപുള്ളികൾ ശ്രമിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി മുതൽ അഞ്ച് മണി വരെ ജയിൽ പരിസരത്ത് നിന്ന് വലിയ രീതിയിൽ വെടിയൊച്ച കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. ജയിൽ ചാട്ടം ശ്രദ്ധയിൽ വന്നതിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച പൊലീസ്, സേനാ അംഗങ്ങളുടെ ഇടപെടലാണ് വലിയ രീതിയിൽ തടവുകാരുടെ രക്ഷപെടൽ തടഞ്ഞതെന്ന് ആഭ്യന്തരമന്ത്രി ജാക്വിമെയിൻ ഷാബാനി പ്രതികരിച്ചു.
60 ലേറെ തടവികാരെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും. ചില തടവിപുള്ളികൾ രക്ഷപ്പെട്ട് പോയിട്ടുണ്ടെന്നും ജയിൽ അധികൃതർ വിശദീകരിച്ചിട്ടുണ്ട്.
1950 ൽ സ്ഥാപിതമായ ജയിലിൽ 1500 പേരെയാണ് പാർപ്പിക്കാൻ കഴിയുക. പക്ഷെ ഇവിടെ 12000 ത്തിലധികം തടവുപുള്ളികളെ പാർപ്പിച്ചിട്ടുണ്ടെന്നാണ് ആംനെസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ തടവുകാരിൽ 6 ശതമാനം മാത്രമാണ് ശിക്ഷ അനുഭവിക്കുന്നവരെന്നും മറ്റുള്ളവർ കേസുകൾ വലിച്ച് നീട്ടുന്നത് മൂലം വർഷങ്ങളായി ഇവിടെ കഴിയുന്നവരാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയിലിലെ മോശം അവസ്ഥകളിൽ നിരവധിപേർ മരിച്ചതായും മുമ്പ് മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here