കനയ്യ കുമാറിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ എതിര്‍സ്ഥാനാര്‍ത്ഥി മനോജ് തിവാരിയുടെ കൂട്ടാളികളാണ് അക്രമികള്‍ എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. കനയ്യയെ ആക്രമിച്ചവര്‍ തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ ദില്ലി നോര്‍ത്ത് ഈസ്റ്റില്‍ കനയ്യ കുമാറിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് എംപി മനോജ് തിവാരിയാണ് എതിര്‍സ്ഥാനാര്‍ത്ഥി.
Also Read: പന്തീരാങ്കാവ് ഗാർഹിക പീഡനം; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി
വെളളിയാഴ്ച ന്യൂ ഉസ്മാന്‍പുരിലെ എഎപി ഓഫീസില്‍ നിന്നും കനയ്യകുമാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങുമ്പോള്‍ ഏഴോ എട്ടോ പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തെ ഹാരമണിയിക്കാനെത്തുകയും തുടര്‍ന്ന് മഷി എറിയുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഡിയോയില്‍ കാണുന്ന അക്രമകാരികള്‍ ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയുമായ മനോജ് തിവാരിയുടെ കൂട്ടാളികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തിവാരിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം കോണ്‍ഗ്രസ് എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Also Read: പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ
കൂടാതെ അക്രമികളിലൊരാള്‍ കയ്യില്‍ തോക്കുമായി നില്‍ക്കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നു. കനയ്യയെ ആക്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയോട് അക്രമികള്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. അക്രമികള്‍ തന്നെ ഒരുവശത്തേക്ക് തള്ളിമാറ്റിയെന്നും ഭര്‍ത്താവിനേയും തന്നേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഛായ പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മേയ് 25നാണ് ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here