യുഡിഎഫ് സ്ഥാനാർഥി പ്രചരണത്തിനായി വന്നു പോയിതിന്റെ പിന്നാലെ കോൺഗ്രസ് പ്രവർത്തകരും മുസ്ലീം ലീഗ് പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ തരുവണയിലായിരുന്നു ഇരുകൂട്ടരം തമ്മിൽ ഏറ്റുമുട്ടിയത്. യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ പര്യടനം ഇവിടെ മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു.
റോഡ് ഷോയായി പ്രിയങ്ക സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ ലീഗ് ഒരുക്കിയ വേദിയിലേക്ക് പ്രിയങ്ക എത്തിയില്ല. ഇതിൽ അസംതൃപ്തരായ ലീഗ് പ്രവർത്തകർ പ്രതിഷേധസ്വരമുയർത്തി.
ലീഗ് പ്രവർത്തകരും ടി സിദ്ദിഖ് എംഎൽഎയുമായി ഇതിനു പിന്നാലെ വാക്കേറ്റമുണ്ടായി. സ്ഥാനാർഥി പോയതിന്റെ തൊട്ടുപുറകെ കോൺഗ്രസ് – ലീഗ് പ്രവർത്തകർ പരസ്പരം ചേരി തിരിഞ്ഞ് ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.
Also Read: അമ്മയെ അധിക്ഷേപിച്ച രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി കെ മുരളീധരൻ
തരുവണയിൽ ലീഗ് ഒരുക്കിയ വേദി പച്ചക്കൊടികളാൽ നിറഞ്ഞിരിക്കുകയായിരുന്നു. അതിനാലാണ് പ്രിയങ്ക ഇവിടെ സംസാരിക്കാതിരുന്നതെന്നും. ലീഗ് ഒരുക്കിയ വേദിയിലേക്ക് എത്താതിരുന്നതെന്നുമാണ് ലീഗ് പ്രവർത്തകർ പറയുന്നത്. മുമ്പും വയനാട്ടിലെ കോൺഗ്രസ് റാലികളിൽ ലീഗിന്റെ കൊടി ഉപയോഗിക്കരുതെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തവണ വിലക്കിനെ വകവെയ്ക്കാതെ വയനാട്ടിലെ പ്രചരണ പരിപാടികളിൽ ലീഗ് കൊടി ഉപയോഗിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here