കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്റെ ആത്മഹത്യാ കുറിപ്പ് പരസ്യമായിട്ടും മാധ്യമങ്ങള്‍ അര്‍ഹിച്ച പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതികരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. അഴിമതിയുടെ, വഞ്ചനയുടെ, ചതിയുടെ, ആത്മഹത്യയുടെ, കൊലപാതകത്തിന്റെ സെപ്റ്റിക് ടാങ്കാണ് തുറന്നത്. കമ്യൂണിസ്റ്റുകള്‍ അടുത്തൂടി പോകുമ്പോള്‍ ചന്ദനം മണക്കണം; ഇല്ലെങ്കില്‍ നമ്മള്‍ ചര്‍ച്ചിക്കും. കോണ്‍ഗ്രസുകാരായാല്‍ സെപ്റ്റിക്ക് ടാങ്ക് ഉരുട്ടിനടന്നാലും കുഴപ്പമില്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം. എന്താല്ലേ! എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പൂര്‍ണമായി വായിക്കാം:
ഒരു പെണ്‍കുട്ടി ഒരു താല്‍ക്കാലിക ജോലിക്കായി പണ്ടൊരു താല്‍ക്കാലിക ജോലി ചെയ്തു എന്നൊരു സര്‍ട്ടിഫിക്കറ്റുണ്ടാക്കി.
ഒരാഴ്ച്ചയായോളം നമ്മുടെ ചാനലുകള്‍ അത് ചര്‍ച്ച ചെയ്തു. അറസ്‌റിലായപ്പോള്‍ ഏകദേശം എട്ടു കോളം തലക്കെട്ടില്‍ പത്രങ്ങള്‍ വാര്‍ത്തയും കൊടുത്തു.
വേണ്ടതാണല്ലോ. പഴയ എസ് എഫ് ഐ പ്രവര്‍ത്തക അങ്ങിനെ ചെയ്യാന്‍ പാടില്ലല്ലോ. തെറ്റായ മാതൃകകള്‍ നമ്മള്‍ നാട്ടുകാരോട് പറയണമല്ലോ.
മറ്റൊരു സന്ദര്‍ഭത്തില്‍ ഒരാള്‍ അഴിമതി നടത്തി എന്ന് ഉറപ്പുള്ള ഒരു ജനപ്രതിനിധി അക്കാര്യം പൊതുവേദിയില്‍ ഉറക്കെപ്പറഞ്ഞു. അയാള്‍ ആത്മഹത്യ ചെയ്തു.
24 മണിക്കൂറും നീണ്ടുനിന്ന, ആഴ്ചകളോളം നീണ്ട, എപ്പോഴും നടക്കുന്ന ചര്‍ച്ച; ഇടമുറിയാതെ വാര്‍ത്തകള്‍, കുറ്റാരോപണങ്ങള്‍, വിശുദ്ധന്മാരുടെ വെര്‍ബല്‍ റേപ്, പോലീസ് കേസ്, അറസ്റ്റ്, രാജി, ജയില്‍, പാര്‍ട്ടി നടപടി, തരംതാഴ്ത്തല്‍.
വേണമല്ലോ. സി പി എം നാട് ഭരിക്കുന്ന പാര്‍ട്ടിയാണല്ലോ. അവര്‍ എപ്പോഴും നിയമവഴി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണല്ലോ.
അഴിമതിയുടെ, വഞ്ചനയുടെ, ചതിയുടെ ഒക്കെ കഥപറഞ്ഞുകൊണ്ടു ഇന്നലെ ഒരു ആത്മഹത്യ കുറിപ്പ് പുറത്തു വന്നിട്ടുണ്ട്. ചെറിയ ആളുകളല്ല, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, ഒരു എം എല്‍ എ. ഒക്കെച്ചേര്‍ന്നു നടത്തിയ ക്രൂരമായ വഞ്ചനയുടെ കഥകളാണ് മരിക്കുന്നതിനുമുന്പ് ഒരാള്‍ പറഞ്ഞു നിര്‍ത്തിയത്.
കോണ്‍ഗ്രസ് നേതാക്കന്മാരായ സഹപ്രവര്‍ത്തകരുടെ ചതിയില്‍ കുടുങ്ങി താന്‍ ഇല്ലാതായാല്‍ മാനസിക പ്രശ്‌നങ്ങളുള്ള കിടപ്പുരോഗിയായ മകന്‍ ചെയ്യും എന്ന ആധിയില്‍ ഒരച്ഛന്‍ നടത്തിയ കൊലപാതകത്തിന്റെ കഥകൂടിയാണ് ആ എഴുത്തിലുണ്ടായിരുന്നത്.
കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം വരെ അറിഞ്ഞിരുന്ന അഴിമതി, ചതി.
കത്തു കണ്ടിരുന്നു; വായിച്ചില്ല: കെ പി സി അധ്യക്ഷന്‍.
കാത്തു വായിച്ചിരുന്നു; ചില കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ടായിരുന്നു. അത് ചോദിച്ചു മനസിലാക്കി: പ്രതിപക്ഷ നേതാവ്.
‘ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് (ഡി ഡി സി പ്രസിഡന്റ്) എന്‍ ഡി അപ്പച്ചനും (സുല്‍ത്താന്‍ ബത്തേരി എം എല്‍ എ) ഐ സി ബാലകൃഷ്ണനും പറഞ്ഞു.’
കഴിഞ്ഞു.
കേസ് കഴിഞ്ഞു
അഴിമതിയുടെ, വഞ്ചനയുടെ, ചതിയുടെ, ആത്മഹത്യയുടെ, കൊലപാതകത്തിന്റെ സെപ്റ്റിക് ടാങ്കാണ് തുറന്നത്.
എന്ത് ചര്‍ച്ചിയ്ക്കാന്‍!
കമ്യൂണിസ്റ്റുകള്‍ അടുത്തൂടി പോകുമ്പോള്‍ ചന്ദനം മണക്കണം; ഇല്ലെങ്കില്‍ നമ്മള്‍ ചര്‍ച്ചിക്കും.
കോണ്‍ഗ്രസുകാരായാല്‍ സെപ്റ്റിക്ക് ടാങ്ക് ഉരുട്ടിനടന്നാലും കുഴപ്പമില്ല.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം.
എന്താല്ലേ!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here