മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച ഉദ്ധവ് താക്കറെ ശിവസേന വിഭാഗവുമായി സംസ്ഥാന ചുമതലയുളള രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി. ജാര്‍ഖണ്ഡിലെ ഇന്ത്യ സഖ്യ ചര്‍ച്ചകളില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു.
Also Read; അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; നാല് പേർ പിടിയിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യവും മഹായുതി സഖ്യവും തെരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടം ആരംഭിച്ചെങ്കിലും സീറ്റ് വിഭജനം അന്തിമമായിട്ടില്ല. മഹാവികാസ് അഘാഡി സഖ്യം 288ല്‍ 260 സീറ്റുകളിലും ധാരണയായെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ അറിയിച്ചു. എന്നാല്‍ 28 സീറ്റുകളിലാണ് തര്‍ക്കം. മുംബൈയിലും കിഴക്കന്‍ വിദര്‍ഭ മേഖലകളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പഠോളയുമായുളള ചര്‍ച്ചയില്‍ ഉദ്ധവ് വിഭാഗം അതൃപ്തി പ്രകടിപ്പിച്ചതോടെ രമേശ് ചെന്നിത്തല അനുനയചര്‍ച്ചകള്‍ നടത്തി. സീറ്റ് വിഭജനത്തില്‍ തര്‍ക്കമില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം മഹായുതി സഖ്യത്തില്‍ 150 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയും ഇന്നുണ്ടായേക്കും.
ജാര്‍ഖണ്ഡിലെയും മറ്റ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ജാര്‍ഖണ്ഡിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ എന്‍ഡിഎയുടെ പ്രധാന സഖ്യകക്ഷിയായ എജെഎസ് യുവിന് കടുത്ത അതൃപ്തിയുണ്ട്. മഹാരാഷ്ട്രയില്‍ പിന്തുണ നല്‍കുന്ന എന്‍സിപി അജിത് പവാര്‍ പക്ഷവും ജാര്‍ഖണ്ഡില്‍ ബിജെപിക്കൊപ്പമില്ല. ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണെങ്കിലും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും മുന്നോട്ടുവച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ഏഴ് സീറ്റില്‍ മത്സരിച്ച ആര്‍ജെഡി ഇത്തവണ 15 സീറ്റെങ്കിലും വേണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. ആകെയുളള 81 സീറ്റില്‍ 70 ഇടത്ത് ജെഎംഎമ്മും കോണ്‍ഗ്രസും മത്സരിക്കുമെന്നും ബാക്കി 11 സീറ്റുകളില്‍ ആര്‍ജെഡിയും ഇടതുപക്ഷ പാർട്ടികളും മത്സരിക്കുമെന്നും ഹേമന്ത് സോറന്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here