പൊതുസിവില്‍കോഡിലെ കോണ്‍ഗ്രസ് ഒളിച്ചുകളി: മുസ്‌ലിം ലീഗിന് എന്തു പറയാനുണ്ട് – ഐ.എന്‍.എല്‍

ഏകീകൃത സിവില്‍കോഡിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് തുടരുന്ന ഒളിച്ചുകളി ഗതകലാനുഭവങ്ങളില്‍നിന്ന് ആ പാര്‍ട്ടി ഒരു പാഠവും പഠിച്ചിട്ടില്ല എന്നാണെന്നും ഇക്കാര്യത്തില്‍ സഖ്യകക്ഷിയായ മുസ്‌ലിം ലീഗിന് എന്താണ് പറയാനുള്ളതെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍

മിക്കവാറുമെല്ലാ മുഖ്യധാരാ പാര്‍ട്ടികളും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് പഴയ അഴകൊഴമ്പന്‍ നിലപാടുമായി മുന്നോട്ടുപോവുകയാണ്. രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക എന്ന ആത്യന്തിക ലക്ഷ്യവുമായി വിവിധ ജനവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളെ വിപാടനം ചെയ്യാനും തല്‍സ്ഥാനത്ത് തങ്ങളുടെ സ്വപ്നത്തിലുള്ള ചാതുര്‍വര്‍ണക്രമത്തിലധിഷ്ഠിതമായ സിവില്‍നിയമം രാജ്യവാസികളുടെമേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കങ്ങളാണ് നിയമ കമീഷനും നിയമം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ആരംഭിച്ചിരിക്കുന്നത്. മൂക്കിന് താഴെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടും കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തില്‍ ഏകസിവില്‍കോഡ് വിഷയത്തില്‍ അസന്ദിഗ്ധമായ ഒരു തീരുമാനമെടുക്കാതെ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നീക്കം കൈകൊണ്ടിട്ടില്ലെന്നും ബില്ലിന്റെ കരട് തയാറായിട്ടിലെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് കടുത്ത ആശയകാലുഷ്യത്തില്‍ പെട്ടത് കൊണ്ടാണ്. യു.പി.എ ഭരണകാലത്ത് ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ഭേദഗമതി കൊണ്ടുവന്നിട്ടുണ്ടെന്നും നിയമ പരിഷ്‌കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരിക്കലും എതിരല്ലെന്നുമുള്ള പാര്‍ട്ടി നേതാവ് ജയറാം രമേശിന്റെ വിശദീകരണം കോണ്‍ഗ്രസ് എവിടെയാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്ത് പൊതുസിവില്‍കോഡിന്നായി രംഗത്ത് വന്നുകഴിഞ്ഞു.

കോണ്‍ഗ്രസിന്റെ ആണുംപെണ്ണും കെട്ട ഈ കളിയെ കുറിച്ച് സഖ്യകക്ഷിയായ മുസ്‌ലിം ലീഗിന് എന്താണ് പറയാനുള്ളതെന്ന് രാഷ്ട്രീയ കേരളത്തിന് അറിയാന്‍ അവകാശമുണ്ടെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News