പൗരത്വനിയമഭേദഗതിയില്‍ കോണ്‍ഗ്രസ് ഒളിച്ചുകളിക്കുകയാണ്; കെ കെ ശൈലജ ടീച്ചര്‍

പൗരത്വനിയമഭേദഗതിയില്‍ കോണ്‍ഗ്രസ് ഒളിച്ചുകളിക്കുകയാണെന്നും വര്‍ഗീയ പ്രീണനസമീപനം മൂലം അവര്‍ നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സി.പി.ഐ (എം) കേന്ദ്രകമ്മറ്റിയംഗം കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എന്‍.ഐ.എ നിയമഭേദഗതിയെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പിന്തുണച്ച കോണ്‍ഗ്രസ് 2019-ല്‍ സി.എ.എക്കെതിരെ നിഷ്‌ക്രിയമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

മുത്തലാഖ് നിരോധനനിയമം ഉള്‍പ്പെടെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന വര്‍ഗീയഫാസിസ്റ്റ് അജണ്ടയില്‍നിന്നുള്ള നിയമഭേദഗതികളെ പിന്തുണക്കുകയോ നിഷ്‌ക്രിയ നിലപാട് എടുക്കുകയോ ചെയ്ത ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. വടകര പാര്‍ലമെന്റ് നിയോജകമണ്ഡലം ഉള്‍പ്പെടെ കഴിഞ്ഞ 10 വര്‍ഷക്കാലമായി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ ബി.ജെ.പിയുടെ കോര്‍പ്പറേറ്റ് വര്‍ഗീയ അജണ്ടക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും പാര്‍ലമെന്റില്‍ വരുന്ന നിയമനിര്‍മ്മാണങ്ങളെ എതിര്‍ക്കാനും തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ടീച്ചര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ഉറപ്പുകൊടുക്കാന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ തയ്യാറാകാത്തത്. ഇന്നലെ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഖാര്‍ഗെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇത് കാണിക്കുന്നത് സി.എ.എ പ്രശ്നത്തില്‍ കോണ്‍ഗ്രസിന്റെ ഒളിച്ചുകളിയും നിലപാടില്ലായ്മയുമാണെന്ന് ടീച്ചര്‍ കുറ്റപ്പെടുത്തി.

2019 ഡിസംബര്‍ 11-ന് ഈ നിയമം പാസാക്കിയതുമുതല്‍ കേരളസര്‍ക്കാര്‍ നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ യോജിച്ച് നിന്നാണ് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. എന്നാല്‍ വളരെപെട്ടെന്നുതന്നെ കോണ്‍ഗ്രസ് പൗരത്വനിയമഭേദഗതിക്കെതിരായ യോജിച്ച പ്രക്ഷോഭങ്ങളില്‍നിന്ന് പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും അതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറല്ലെന്നു മാത്രമല്ല ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെപോലെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പാര്‍ലമെന്റ് അംഗീകരിച്ച ഒരു നിയമം കേരളത്തില്‍മാത്രം നടപ്പാക്കാതിരിക്കാന്‍ പറ്റുമോയെന്ന കുറുന്യായം ഉന്നയിക്കുകയാണ്.

ഇത്തരം കുറുന്യായങ്ങള്‍ മോഡി സര്‍ക്കാരിന്റെ വര്‍ഗ്ഗീയഅജണ്ടയോടൊപ്പം ചേര്‍ന്നുള്ള കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ സമീപനത്തെയാണ് കാണിക്കുന്നതെന്ന് ടീച്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് പ്രതിരോധം ഉയര്‍ത്തണമെന്ന് ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News