ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് എങ്ങനെ കോണ്‍ഗ്രസ് വിരുദ്ധമാകും, വിശദീകരണ നോട്ടീസിനെതിരെ പൈലറ്റ്

രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നോട്ടീസ്. ഏപ്രില്‍ 11ന് നടത്തിയ ഏകദിന ഉപവാസത്തിന് വിശദീകരണം തേടിയാണ് നോട്ടീസ്. അതേ സമയം താന്‍ എന്തിനാണ് നിരാഹാരം കിടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. ബിജെപി.ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് എങ്ങനെ പാര്‍ട്ടി വിരുദ്ധമാകുമെന്നും അദ്ദേഹം ചോദിച്ചു. ഝാഡ്ഖഡ് ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.

അതേ സമയം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ താന്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും പൈലറ്റ് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന മുന്‍ ഭരണകാലത്തെ അഴിമതിക്കേസുകളില്‍ നടപടിയെടുക്കാന്‍ വിനീതമായി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 11ന് നിരാഹാരം കിടന്നിട്ടും അഴിമതിക്കേസുകളില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യം പറയുക, അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തുക, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂല്യങ്ങളില്‍ പെട്ടതാണ്. ഈ മൂല്യങ്ങള്‍ പാലിച്ചാണ് ഏകദിന ഉപവാസം ആചരിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോഴും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നും പൈലറ്റ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. അഴിമതിക്കെതിരെ നടപടി ആവശ്യപ്പെടുന്നതിനെ പോലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം എന്ന് വിളിക്കുന്നു എന്നും പൈലറ്റ് വിമര്‍ശിച്ചു.

അഴിമതി വിരുദ്ധ വിഭാഗം സജീവമാണെന്നും നിരവധി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ റെയ്ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെ പറഞ്ഞിരുന്നു. അത് എല്ലാവരും സ്വാഗതം ചെയ്യുന്നു. വസുന്ധരാ രാജെ സിന്ധ്യയുടെ കാലത്ത് നടന്ന അഴിമതിക്കേസുകളില്‍ നടപടിയെടുക്കുമെന്ന് ആവശ്യപ്പെട്ടിരുന്നതായും പൈലറ്റ് ചൂണ്ടിക്കാട്ടി.

വസുന്ധരാ രാജെ സര്‍ക്കാരിന്റെ അഴിമതിക്കള്‍ക്കെതിരെ നടപടി എടുത്താല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിന് മുമ്പ് അഴിമതി ഒരു വലിയ വിഷയമായതിനാലാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂ എന്നതിനാല്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2022 സെപ്റ്റംബറില്‍ ഹൈക്കമാന്‍ഡിനെ ധിക്കരിച്ച പാര്‍ട്ടി ഗെഹ്‌ലോട്ട് പക്ഷ നേതാക്കള്‍ക്കെതിരായി നടപടി എടുക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും സച്ചിന്‍ പൈലറ്റ് ചോദ്യങ്ങള്‍ ഉന്നയിച്ചു. സെപ്റ്റംബര്‍ 25 ന് നടന്ന സംഭവം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും അന്നത്തെ പാര്‍ട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ നിര്‍ദേശങ്ങളുടെ പരസ്യമായ ലംഘനമായിരുന്നു. അന്ന് നിലവിലെ അധ്യക്ഷനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും മുതിര്‍ന്ന നേതാവ് അജയ് മാക്കനെയും പരസ്യമായി അപമാനിച്ചു. എന്തുകൊണ്ടാണ് അവര്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തത്? ഇതാണ് തന്റെ ചോദ്യമെന്നും ഉത്തരം പറയേണ്ടത് പാര്‍ട്ടിയാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News