ബലാൽസംഗക്കേസിൽ കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. ചന്ദ്രശേഖരൻ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കേസിലും വാദം കേട്ട സാഹചര്യത്തിലാണ് കോടതി മറ്റന്നാൾ വിധി പറയുന്നത്.
നടിയുടെ പീഡനപരാതിയിൽ നടന്മാരായ മുകേഷിൻ്റെയും ഇടവേള ബാബുവിൻ്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ 5ന് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞിരുന്നു. ഇതോടൊപ്പം ചന്ദ്രശേഖരൻ്റെ അപേക്ഷയിലും വിധി പറയാനിരിക്കെയായിരുന്നു പുതിയ കേസെടുത്ത കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകളും കഴിഞ്ഞദിവസം പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയിരുന്നു.ഈ സാഹചര്യത്തിലാണ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി പത്താം തീയതിയിലേക്ക് മാറ്റിയത്.
സിനിമയുടെ ലൊക്കേഷൻ കാണിക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി തന്നെ നിർമ്മാതാവിന് കാഴ്ചവെക്കുകയായിരുന്നുവെന്നാണ് ചന്ദ്രശേഖരനെതിരായ നടിയുടെ പരാതി. തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് ചന്ദ്രശേഖരനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ചന്ദ്രശേഖരൻ മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയെ സമീപിക്കുകയായിരുന്നു. ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് ചന്ദ്രശേഖരനെതിരെ കോൺഗ്രസിനകത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനവും കെപിസിസി നിയമസഹായ സെൽ ചെയർമാൻ സ്ഥാനവും ചന്ദ്രശേഖരൻ രാജിവെച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here