ചാവക്കാട് ഹനീഫ വധം; സിബിഐ അന്വേഷണം വേണമെന്ന് ഒരു വിഭാഗം, പിന്നാലെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയിൽ വാക്കേറ്റവും കയ്യാങ്കളിയും

ചാവക്കാട് തിരുവത്ര ഹനീഫ വധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോൺഗ്രസിനുള്ളിൽ വീണ്ടും പുകഞ്ഞു കത്തുന്നു. കഴിഞ്ഞ ദിവസം മറ്റൊരു വിഷയം ചർച്ചചെയ്യാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഹനീഫ വിഷയം ഉയർന്നു വന്നതോടെ കയ്യാങ്കളിയിൽ കലാശിച്ചു.

കോൺഗ്രസിലെ ഗ്രൂപ്പ് വൈരത്തിന്റെ ഇരയായാണ് ചാവക്കാട് തിരുവത്രയിൽ എ ഗ്രൂപ്പ് നേതാവായിരുന്ന എസി ഹനീഫ 2015-ൽ കൊല്ലപ്പെട്ടത്. ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുതയുടെ തുടർച്ചയായിരുന്നു കൊലപാതകം. ആഗസ്റ്റ് ഏഴാം തീയതി രാത്രി വീട്ടുവളപ്പിൽ ഉമ്മയുടെ മുന്നിലിട്ടാണ് പത്തംഗസംഘം ഹനീഫയെ കുത്തിക്കൊലപ്പെടുത്തിയത്. എട്ടുപേരെ പ്രതികളാക്കി 2015 നവംബറിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രധാന പ്രതികളെ ഒഴിവാക്കിയതിനെ തുടർന്ന് ഹനീഫയുടെ മാതാവ് നൽകിയ ഹർജിയിൽ കേസിൽ പുനരന്വേഷണം നടത്താൻ 2016-ൽ ഹൈക്കോടതി ഉത്തരവിട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആയിരുന്ന ഗോപപ്രതാപൻ ഉൾപ്പെടെ ഗൂഢാലോചന നടത്തിയാണ് ഹനീഫയെ കൊലപ്പെടുത്തിയത് എന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഗോപപ്രതാപനെ പ്രതി ചേർക്കാനുള്ള തെളിവുകൾ കിട്ടിയില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്.

Also Read: രാഹുൽ ഗാന്ധിക്ക് ഫ്ലയിങ് കിസ് കൊടുക്കാൻ ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്: കോണ്‍ഗ്രസ് വനിത എംഎല്‍എ

ഹനീഫയുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് അനുസ്മരണ യോഗങ്ങളിൽ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വ്യാപകമായി ആവശ്യമുയർന്നു. ഇതിനിടെ സപ്ലെകോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനായി ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് ചേർന്ന ആലോചനാ യോഗത്തിലും വിഷയം ഉയർന്നുവന്നു. ഹനീഫ വധത്തിൽ പാർട്ടി സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ആരോപണവിധേയനും ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റുമായ ഗോപപ്രതാപൻ തന്നെ ഇതിനെ എതിർത്തു.

കൊലപാതകത്തിൽ പുതിയ അന്വേഷണത്തിന്റെ ആവശ്യമെന്താണെന്നു കുപിതനായ ഗോപപ്രതാപൻ ചോദിച്ചത്തോടെ രംഗം വഷളായി. തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയും അജണ്ടയിലേക്ക് കടക്കാതെ യോഗം പിരിച്ചുടേണ്ടി വരികയുമായിരുന്നു. DCC സെക്രട്ടറി പി.യതീന്ദ്രദാസ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപൻ , പുതിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത, നേതാക്കളായ ഷാനവാസ് തിരുവത്ര, ബീനാ രവിശങ്കർ കെ.എച്ച് ഷാഹുൽ ഹമീദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

Also Read: മണിപ്പൂർ വിഷയത്തിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നത്; കപിൽ സിബൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News