മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി ഇന്നലെ ലോക്സഭയില്‍ രണ്ട് മണിക്കൂര്‍ പന്ത്രണ്ട് മിനിറ്റ് സംസാരിച്ചു. അവസാന രണ്ട് മിനിറ്റ് മാത്രമാണ് മോദി മണിപ്പൂരിനെപ്പറ്റി പറഞ്ഞത്. മണിപ്പൂരില്‍ കുട്ടികള്‍ മരിക്കുകയും സ്ത്രീകള്‍ പീഡനത്തിനിരയാകുകയുമാണ്. ഈ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും മണിപ്പൂരിനെക്കുറിച്ച് മോദി പറയുന്നത് ചിരിച്ചുകൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു പ്രധാനമന്ത്രിക്ക് യോജിച്ച കാര്യമല്ല ഇത്. രാജ്യം ദുഃഖത്തില്‍ ആയിരിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. മണിപ്പൂരില്‍ കണ്ടതും കേട്ടതും താന്‍ മുന്‍പ് എവിടെയും കേട്ടിട്ടില്ല. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല. മെയ്‌തെയ് വിഭാഗത്തില്‍ ഉള്ളവരെ കാണാന്‍ പോയപ്പോള്‍ അവര്‍ തന്റെ കൂടെയുള്ള കുക്കി വിഭാഗത്തെ കൊണ്ടുവരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗവും ഇത് തന്നെയാണ് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല. രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം വിചാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് ദിവസം മതി. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ പോകാന്‍ കഴിയില്ലെങ്കില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എങ്കിലും ശ്രമിക്കൂ എന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കലാപം അവസാനിപ്പിക്കാന്‍ അല്ല ആളിപ്പടര്‍ത്താന്‍ ആണ് താത്പര്യം. അതിനാലാണ് സൈന്യത്തെ ഉപയോഗിക്കാത്തതെന്നും രാഹുല്‍ പറഞ്ഞു.
മണിപ്പൂരില്‍ ആയിരക്കണക്കിന് ആയുധങ്ങള്‍ മോഷണം പോയി. ഇത് നടക്കട്ടെ എന്നാണോ അമിത് ഷാ കരുതുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അതിക്രമങ്ങള്‍ തുടരുകയാണ്. അത് തുടരട്ടെ എന്നാണോ ആഭ്യന്തര മന്ത്രിയുടെ നിലപാട്? മണിപ്പൂരില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല.
അതിക്രമങ്ങള്‍ മാത്രമാണ് നടക്കുന്നത്. അതിക്രമങ്ങള്‍ നിര്‍ത്തുകയാണ് വേണ്ടത്. അതിക്രമങ്ങള്‍ നിര്‍ത്താനുള്ള സംവിധാനങ്ങള്‍ പ്രധാന മന്ത്രിയുടെ കൈകളിലുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here