മോന്‍സണെ വിശുദ്ധനായി ചിത്രീകരിച്ച കെ സുധാകരന്റെ നടപടിയെ ന്യായീകരിക്കാനാവാതെ കോണ്‍ഗ്രസ് നേതൃത്വം. ദയയും ദാക്ഷിണ്യവും അര്‍ഹിക്കാത്തവനെന്ന് കോടതി വിധിച്ച മോന്‍സണെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷന്റെ നടപടിയാണ് മറ്റു നേതാക്കളെ വെട്ടിലാക്കിയത്. തള്ളിപ്പറയാന്‍ കഴിയാത്ത തരത്തിലുള്ള എന്തു ബന്ധമാണ് സുധാകരനും മോന്‍സണും തമ്മിലുള്ളതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
കോഴിക്കോട് കണ്ണൂരും നടത്തിയ വാര്‍ത്താസമ്മേളനങ്ങളിലാണ് മോന്‍സണെ വിശുദ്ധനായി ചിത്രീകരിക്കുന്ന വിചിത്ര നിലപാട് കെ സുധാകരന്‍ സ്വീകരിച്ചത്. മോന്‍സണെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ തനിക്ക് താല്പര്യമില്ലെന്നും അയാള്‍ തന്റെ സുഹൃത്താണെന്നു മായിരുന്നു സുധാകരന്റെ പരസ്യ നിലപാട്.
ഇങ്ങനെ ന്യായീകരിക്കാന്‍ കൊള്ളുന്നവനാണോ മോന്‍സണ്‍ മാവുങ്കല്‍ എന്ന ചോദ്യത്തിന് എറണാകുളം പോക്‌സോ കോടതി കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്. ദയയും ദാക്ഷിണ്യവും അര്‍ഹിക്കാത്ത പ്രതി എന്നാണ് മോന്‍സണെ കോടതി വിശേഷിപ്പിച്ചത്. സമ്പത്തും പ്രമാണിത്തവും ആയുധ ശക്തിയും കാട്ടിയാണ് പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡിപ്പിച്ചതെന്നും അതിനാല്‍ ഒരു മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ല എന്നും വിധി ന്യായത്തില്‍ ഉണ്ട്. ജീവിതാവസാനം വരെ കഠിനതടവെന്ന വലിയ ശിക്ഷ കോടതി വിധിച്ച മോന്‍സണ്‍ കെപിസിസി അധ്യക്ഷന് മാന്യനായ സുഹൃത്താണ്. മാത്രമല്ല എന്ത് കാര്യത്തിനാണ് താന്‍ മോന്‍സങ്ങ ശത്രുവാക്കേണ്ടത് എന്ന വിചിത്ര ചോദ്യവും സുധാകരന്‍ ഉന്നയിക്കുന്നു.
ബലാത്സംഗക്കേസ് പ്രതിയെ ന്യായീകരിക്കുന്ന സുധാകരന്റെ നിലപാട് മറ്റു കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കി. കെ പി സി സി മുന്‍അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സുധാകരനെതിരെ പരസ്യ നിലപാട് എടുത്തു. വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ സുധാകരന്റെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തരുമാണ്. തള്ളിപ്പറയാന്‍ കഴിയാത്ത തരത്തിലുള്ള എന്തു ബന്ധമാണ് സുധാകരന്‍ മോന്‍സണും തമ്മിലുള്ളത് എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here