സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അകാലവിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സൗമ്യശീലനായ കാനം രാജേന്ദ്രന്‍ പ്രഗത്ഭനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു. ദിശാബോധത്തോടെ സിപി ഐയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലാളി പ്രശ്‌നങ്ങളില്‍ എക്കാലത്തും സജീവ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്റെ പൊതുജീവിതം തൊഴിലാളി വര്‍ഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി മാറ്റിവെച്ചതാണ്. അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതം. മികച്ച പാര്‍ലമെന്റേറിയനും ജനകീയനുമായ പൊതുപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ആശയപരമായി വ്യത്യസ്ത പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. കാനം രാജേന്ദ്രന്റെ നിര്യാണം കേരളീയ പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.
സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.
ഏതൊരു പ്രതിസന്ധിയും അസാമാന്യമായ ഉള്‍ക്കരുത്തോടെ തരണം ചെയ്ത കാനം രാജന്ദ്രന്‍ ഈ രോഗാവസ്ഥയേയും അതിജീവിച്ച് പൊതുജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്.ഉള്ളുലക്കുന്ന ഈ മരണവാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു കാനം. രാഷ്ട്രീയമായി വിഭിന്ന ചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദ ബന്ധം എക്കാലവും കാത്തു സൂക്ഷിക്കുവാനായി.
മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായ കാനം രാജേന്ദ്രന്റെ പൊതുജീവിതം തൊഴിലാളികള്‍ക്കായി ഉഴിഞ്ഞുവെച്ചതാണ്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ പ്രവര്‍ത്തനം മുന്നോട്ട് പോകുമ്പോഴും നിലപാടികളില്‍ വെള്ളം ചേര്‍ക്കാതെ വ്യക്തമായ അഭിപ്രായം തുറന്ന് പറയാന്‍ മടികാട്ടാത്ത പ്രക്യതമായിരുന്നു കാനം രാജേന്ദ്രന്റെ പ്രത്യേകത. 2015 മുതല്‍ സിപി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത് മുതല്‍ ശക്തമായ നേതൃപാടവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ പോലും പക്വതയോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും താനടക്കമുള്ള രാഷ്ട്രീയ എതിരാളികളുടെ മനസ്സില്‍ ആദരവ് ഉണ്ടാക്കിയിട്ടുണ്ട്. സി.പി.ഐ നേതാവ് എന്നതിലുപരി കോട്ടയത്തിന്റെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ എക്കാലവും നിറഞ്ഞുനിന്ന വ്യക്തിക്ക് കൂടിയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ സൗമ്യ മുഖം എന്ന് തന്നെ എക്കാലവും കാനം രാജേന്ദ്രനെ വിശേഷിപ്പിക്കാം. ഇനിയും കേരളാ രാഷ്ട്രീയത്തിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു
പുതിയ തലമുറയുടെ പ്രതിനിധിയായി സിപി ഐ എന്ന പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
മികച്ച പാര്‍മെന്റേറിയനായിരുന്നു കാനം. അദ്ദേഹത്തോടൊപ്പം നിയമസഭയില്‍ ഓരോ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വളരെ അടുത്ത സൗഹൃദം സഭയക്ക് അകത്തും പുറത്തും പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തനും സൗമ്യശീലനുമാണെങ്കിലും നിലപാടുകളിലെ കാര്‍ക്കശ്യവും അടിയുറച്ച അഭിപ്രായ പ്രകടനവും അദ്ദേഹത്തെ ശാന്തഗംഭീരനായ കമ്യൂണിസ്റ്റ് നേതാവാക്കി. തൊഴിലാളി പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ കാനം സിപി ഐ സെക്രട്ടറിയെന്ന നിലയിലും മികവ് പുലര്‍ത്തി. മികച്ച ഒരു കമ്യൂണിസ്റ്റ് നേതാവിനെയാണ് കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ നഷ്മായതെന്നും ഹസന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here