യൂത്ത് കോണ്‍ഗ്രസില്‍ പിടിമുറുക്കാന്‍ ചരടുവലികള്‍ ആരംഭിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

കെഎസ് യുവിനും മഹിളാ കോണ്‍ഗ്രസിനും പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും പിടിമുറുക്കാന്‍ കെ.സി വേണുഗോപാല്‍ വിഭാഗത്തിന്‍റെ നീക്കം. കരുതലോടെ എ വിഭാഗം നേതാക്കള്‍. വിഡി സതീശന്‍റെ പിന്തുണയോടെ വിമത നീക്കവുമായിഷാഫി പറമ്പിലും രംഗത്ത്.

മെയ് 26ന് സമാപിക്കുന്ന സംസ്ഥാന സമ്മേളനത്തോടെ നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പദവി ഒഴിയും. സമ്മേളനം കഴിഞ്ഞ് അംഗത്വ വിതരണത്തിലേക്ക് കടക്കാനാണ് ധാരണ. കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നവരാണ് ഭാരവാഹികള്‍ ആകുക. സംസ്ഥാന ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കുക ഇതേ മാനദണ്ഡം അനുസരിച്ചാണ്. ഭാരവാഹിത്വം പിടിക്കാന്‍ അണിയറയില്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. നിലവിലെ സംഘടനാ ബലത്തില്‍ എ ഗ്രൂപ്പ് പ്രതിനിധിയാകും സംസ്ഥാന അധ്യക്ഷനാകുക. ഇത് അട്ടിമറിക്കാന്‍ വിഡി സതീശന്‍റെ പിന്തുണയോടെ ഷാഫി പറമ്പില്‍ നടത്തുന്ന നീക്കങ്ങളാണ് എ ഗ്രൂപ്പ് നേരിടുന്ന വെല്ലുവിളി.

ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയായി സംസ്ഥാന അധ്യക്ഷന്‍ ആയ ഷാഫി പറമ്പിലിന് ഇപ്പോള്‍ കൂടുതല്‍ അടുപ്പം വിഡി സതീശന്‍ -കെസി വിഭാഗത്തോടാണ്. അതുകൊണ്ടുതന്നെ വിഡി.സതീശന്‍റെ വിശ്വസ്തന്‍ കൂടിയായ രാഹുല്‍ മാങ്കൂട്ടമാണ് ഷാഫിയുടെ പ്രതിനിധി. എ ഗ്രൂപ്പുമായി ആലോചിക്കാതെ രാഹുലിനായി ഷാഫി അണിയറ നീക്കം തുടങ്ങി. ഷാഫിയുടെ നീക്കത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ അതൃപ്തി പുകയുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്ററും കെഎസ്.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജെ.എസ്.അഖിലാണ് എ ഗ്രൂപ്പ് പരിഗണിക്കുന്ന പ്രഥമ പേരുകാരന്‍.

2017-ല്‍ കെഎസ്.യു സംസ്ഥാന അധ്യക്ഷ പദവിയില്‍ എ ഗ്രൂപ്പ് ആദ്യം പരിഗണിച്ചിരുന്നതും അഖിലിനെയാണ്. പക്ഷെ അവസാനനിമിഷം കപ്പിനും ചുണ്ടിനും ഇടയില്‍ അഖിലിന് പദവി നഷ്ടമായി. അതുകൊണ്ടുതന്നെ ഇത്തവണ അഖിലിനെ പരിഗണിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ധാരണ. ഇത് അട്ടിമറിക്കാനുള്ള ഷാഫിയുടെ നീക്കത്തിലാണ് എ ഗ്രൂപ്പിനുള്ളില്‍ അതൃപ്തിയുള്ളത്. അതേസമയം കെ.സി. വേണുഗോപാലിന്റെ അടുത്ത അനുയായി ആയ ബിനു ചുള്ളിയിലിന്റെ പേരും ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ കെ.സി വിഭാഗത്തിന് താഴെ തട്ടില്‍ വലിയ പിന്തുണയില്ല. അതുകൊണ്ടുതന്നെ എ വിഭാഗം ഔദ്യോഗികമായി മുന്നോട്ടുവയ്ക്കുന്ന ആളാകും സംസ്ഥാന അധ്യക്ഷനാകുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News