മറുനാടന്‍ മലയാളിയും ഷാജന്‍റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല

വ്യാജ പ്രചാരണങ്ങളും വ്യക്തി അധിക്ഷേപങ്ങളും സത്യമെന്ന തരത്തില്‍ സമൂഹത്തില്‍ പ്രചരിപ്പിച്ച്  ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലും അതിന്‍റെ ചീഫ്  എഡിറ്റര്‍ ഷാജന്‍ സ്കറിയയും ഇപ്പോള്‍ ചര്‍ച്ച വിഷയമാണ്. പി വി അന്‍വര്‍ എം എല്‍ എ, പി വി ശ്രീനിജിന്‍ എം എല്‍ എ, വ്യവസായി എം എ യൂസഫലി, നടന്‍ പൃഥ്വീരാജ് എന്നിങ്ങനെ തുടങ്ങി പ്രമുഖരും അല്ലാത്തവരും മറുനാടന്‍ ചാനലിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളും ഷാജനെതിരെ നിലനില്‍ക്കുന്നുണ്ടെന്ന് മാത്രമല്ല ആളിപ്പോള്‍ ഒളിവിലുമാണ്. ഇതിനിടെയാണ് കേരള പൊലീസ്  നിയമ നടപടികളുമായി മുന്നോട്ടു പോകുന്നത്.

അതേസമയം, മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്കറിയയെയും അനുകൂലിക്കാന്‍ ചില പ്രമുഖര്‍ രംഗത്തുണ്ട്. കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിയവരാണ് വ്യാജ വാര്‍ത്തകളുടെ മൊത്ത വിതരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുള്ളത്. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലെ ബന്ധം ഇത്തരം സാഹചര്യങ്ങളിലാണ് മറനീക്കുന്നതെന്ന്  മലയാളികള്‍ക്ക് അറിവുള്ളതാണല്ലോ…

ALSO READ: എസ് എഫ് ഐ വേദിയിൽ കയ്യടി നേടി നടൻ ഭീമൻ രഘു; പ്രസംഗം വൈറൽ

ഇതില്‍ ചിലരുടെ പല്ലവി ഇങ്ങനെയാണ്, “വ്യാജ വാര്‍ത്തകളെ അനുകൂലിക്കുന്നില്ല… പക്ഷെ..”. ഈ “പക്ഷെ” പറയുന്നതിന് പിന്നാലെ  വ്യാജ പ്രചാരണങ്ങള്‍ അ‍ഴിച്ചുവിടുന്നയാള്‍ക്ക് വേണ്ടി ഘോര ഘോരമാണ് പ്രസംഗിക്കുന്നത്. എന്നാല്‍ ഇന്നുവരെ ഇയാളുടെ കള്ള വാര്‍ത്തകള്‍ക്കെതിരെ ഇക്കൂട്ടര്‍ ഒരക്ഷരം പ്രതികരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണുത്തരം. കെ പി സി സി അധ്യക്ഷന്‍ പറഞ്ഞത് ഷാജന്‍ സ്കറിയയെ തങ്ങള്‍ ഏതു വിധേനയും സംരക്ഷിക്കുമെന്നാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ടി എന്‍ പ്രതാപന്‍ എംപി തുടങ്ങിയവര്‍ക്കെതിരെ ഷാജന്‍ പരത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചിട്ടേയില്ല.  പ്രതിപക്ഷ നേതാവും മൗനത്തിലാണ്ടു.

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും വ്യക്തി അധിക്ഷേപം നടത്തുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ കണ്ടിട്ടാണ് ഇരുനേതാക്കളും  വിയോജിപ്പുണ്ടായിട്ടും മിണ്ടാത്തതെത്രെ. എന്നാല്‍ ആത്മാഭിമാനമുള്ളവരുടെ സ്ഥിതി അതല്ല. അവര്‍ പ്രതികരിക്കും. നിയമ നടപടികള്‍ സ്വീകരിക്കും. അത് രാജ്യത്തെ ഭരണഘടനയില്‍ പറഞ്ഞിട്ടു‍ള്ളതാണ്.

എന്നാലും  സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ അടക്കം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന ചാനലിനെതിരെ നിയമ നടപിടി എടുക്കുമ്പോള്‍ ഇവര്‍ക്കെന്തിനാണ് പൊള്ളുന്നത്?  ചിന്തിക്കുന്നവര്‍ക്ക് ഉത്തരം ലഭിക്കും.

അതേസമയം, കെ മുരളീധരന്‍ എംപി, ടി എന്‍ പ്രതാപന്‍ എം പി, യു ഡി എഫിലെ പ്രമുഖ മുന്നണിയായ മുസ്ലിം ലീഗ് തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍റെയും നിലപാടിനെ തള്ളി രംഗത്തുവന്നു. ആത്മാഭിമാനം ഉള്ളവര്‍ക്ക് മറുനാടന്‍ മലയാളി എന്ന ചാനലിനെയും മുതലാളി ഷാജനെയും ന്യായീകരിക്കാന്‍ ആകില്ലെന്നാണ് ടി എന്‍ പ്രതാപന്‍ എം പിയുടെ പ്രതികരണം.

ALSO READ: അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

ഷാജന്‍ സ്‌കറിയ നടത്തുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്നായിരുന്നു കെ മുരളീധരന്‍ എംപി പ്രതികരിച്ചത്. ഷാജന്‍ സ്‌കറിയ സംസാരിക്കുന്നത് സംഘി ലൈനിലാണ്. മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടി തുടരുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസിനെ അധിക്ഷേപിച്ച ആളാണ് ഷാജന്‍ സ്‌കറിയയെന്നും കെ മുരളീധരന്‍ പറഞ്ഞു. മുസ്ലീം ലീഗും ഷാജന്‍ സ്കറിയയെും വ്യാജ വാര്‍ത്തക‍ളെയും തള്ളി രംഗത്തെത്തിയതോടെ പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവും തങ്ങ‍ളുടെ നിലപാടില്‍ മലക്കം മറിഞ്ഞു.

ഷാജനെ സംരക്ഷിക്കുമെന്ന്  പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ നിലപാട് മാറ്റി. പിന്നാലെ പ്രതിപക്ഷ നേതാവും. മറുനാടന്‍ മലയാളിയുടെ വ്യാജ വാര്‍ത്തകളോട് യോജിപ്പില്ലെന്നും എന്നാല്‍ നിയമ നടപടികളോട് പ്രയാസമുണ്ടെന്നുമാണ് മറ്റ് നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ  ഇരുവരും പറഞ്ഞത്. കള്ള വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നത് തടയുന്നതിനെ മാധ്യമ വേട്ടയെന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്.

ഇതെന്ത് നിലപാടാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാ‍ല്‍ തികച്ചും സ്വാഭാവികം മാത്രം. കാരണം അവര്‍ കോണ്‍ഗ്രസ് ആണ്.. അവിടെ അങ്ങനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News