രാമക്ഷേത്രം നിർമിച്ചതിൽ മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംഎൽഎമാർ; പ്രമേയം പാസാക്കി ഗുജറാത്ത്, ഗോവ നിയമസഭകള്‍

രാമക്ഷേത്രം നിർമിച്ചതിൽ മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംഎൽഎമാർ.  ഗുജറാത്ത്, ഗോവ നിയമസഭകളാണ് പ്രാണ പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ആം ആദ്മി എംഎല്‍എമാരുടെയും പൂര്‍ണ പിന്തുണയോടെയാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. മോദിയെ പുകഴ്ത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയ്ക്കും നിയമസഭകള്‍ വേദിയായി.

Also read:കെ ഫോൺ പദ്ധതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എന്താവിന്റെ ഹർജി ഇന്ന് പരിഗണിക്കും

ബാബറി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം നിർമിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഗോവയും ഗുജറാത്തുമാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകകണ്ഠമായാണ് പ്രമേയങ്ങള്‍ പാസായത്.  പാര്‍ലമെന്റില്‍ കേന്ദ്രബജറ്റിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ നരേന്ദ്രമോദി കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും നെഹ്‌റു കുടുംബത്തെ അധിക്ഷേപിക്കുകയും ചെയ്യുമ്പോഴായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരുടെ മോദിസ്തുതി. ഗുജറാത്തില്‍ ബജറ്റ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് പ്രമേയം അവതരിപ്പിച്ചത്.

Also read:വന്ദന കൊലക്കേസ്; സിബിഐ അന്വേഷണത്തിനുള്ള ഹർജി ഹൈക്കോടതി തള്ളി

പ്രമേയത്തിന് പൂര്‍ണപിന്തുണ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അര്‍ജുന്‍ മോധ്വാഡിയ സംസാരിച്ചു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് 1989ല്‍ രാമക്ഷേത്രത്തിന് കല്ലിടാന്‍ അനുവാദം നല്‍കിയതെന്നും ചൂണ്ടിക്കാട്ടി രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന അവകാശ വാദം ഉയര്‍ത്താനും അദ്ദേഹം മറന്നില്ല. പ്രതിപക്ഷത്തുള്ള ആം ആദ്മി അംഗങ്ങളും അനുകൂലിച്ചതോടെ ഗുജറാത്ത് നിയമസഭ പ്രമേയം പാസാക്കി. ഗോവയില്‍ ബജറ്റ് സമ്മേളനത്തിനിടെ സ്പീക്കര്‍ രമേഷ് തിവാരിയാണ് മോദിയെ അഭിനന്ദിക്കുന്ന പ്രമേയം അവതരിപ്പിച്ചത്.

അയോധ്യയില്‍ പ്രാണ പ്രതിഷ്ഠ നടന്നതോടെ സുവര്‍ണ യുഗം ആരംഭിച്ചെന്ന് പ്രമേയത്തില്‍ പറയുന്നു. ഗോവയില്‍ കോണ്‍ഗ്രസിന് മൂന്നും ആം ആദ്മിക്ക് രണ്ടും എംഎല്‍എമാരുണ്ട്. എന്നിട്ടും എതിര്‍ശബ്ദം ഉയര്‍ന്നില്ല. ബിജെപിക്ക് അയോധ്യ രാമക്ഷേത്രം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള രാഷ്ട്രീയ ആയുധമാണ്. എന്നാല്‍ അതേ പാതയില്‍ തന്നെ മൃദു ഹിന്ദുത്വ നിലപാടുമായി അയോധ്യ രാമക്ഷേത്രത്തില്‍ അവകാശ വാദവുമായി കോണ്‍ഗ്രസും മത്സരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News