മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷതയോട് സന്ധി ചെയ്തുള്ള രാഷ്ട്രീയം സി പി ഐ എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. കാവുമ്പായി രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
ALSO READ: പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി എം എ യൂസഫലി
രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നത് ഭരണഘടന വിരുദ്ധമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. മതവിശ്വാസവും ദൈവവിശ്വാസവും അവിശ്വാസവുമെല്ലാം ഓരോരുത്തരുടെയും വ്യക്തപരമായ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റുള്ളവർക്ക് കൈകടത്താൻ അവകാശമില്ല.എന്നാൽ നിങ്ങളുടെ ദൈവമാരാണെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നാണ് ബിജെപി യും ആർ എസ് എസ്സും പറയുന്നത്.ഹിന്ദുത്വ രാഷ്ട്രമാണ് അവരുടെ ലക്ഷ്യം.കോൺഗ്രസ്സ് രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് സി പി ഐ എം അഭിപ്രായം പറയാനില്ല.എന്നാൽ മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ്സ് മനസ്സിലാക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
77 മത് കാവുമ്പായി രക്തസാക്ഷി ദിനം വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. കൂട്ടുംമുഖത്ത് നിന്ന് രക്തസാക്ഷി നഗറിലേക്ക് ചുവപ്പ് വളണ്ടിയർമാർച്ചും ബഹുജന പ്രകടനവും നടന്നു. സി പിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു,സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here