പാലക്കാട് സ്വതന്ത്രനായി മൽസരിക്കുമെന്ന് കോൺഗ്രസ് വിമത നേതാവ് എ.കെ. ഷാനിബ്. പാലക്കാട് ബിജെപിയിൽ നിലവിൽ പ്രശ്നങ്ങളുള്ളതിനാൽ തൻ്റെ സ്ഥാനാർഥിത്വം ബിജെപിക്ക് സഹായകമാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്. കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണ്. ബിജെപിയെ സഹായിക്കാനുള്ള വഴികൾ പരിശോധിക്കുകയാണ് വി.ഡി. സതീശൻ. പാര്‍ട്ടിയില്‍ ഏകാധിപതികളെ പോലെയാണ് സതീശനും ഷാഫിയും പെരുമാറുന്നത്. വി.ഡി. സതീശൻ തീരുമാനിക്കുന്നു ഷാഫി നടത്തിയെടുക്കുന്നു എന്ന രീതിയിലാണ് കാര്യങ്ങള്‍. അധികാരഭ്രമം മൂത്ത് ആരുമായും ചേര്‍ന്ന് മുഖ്യമന്ത്രിയാവാനാണ് ശ്രമം. ഉപതെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് എന്നാണ് ചിലരൊക്കെ സതീശനെ വിശേഷിപ്പിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ആ പേര് മാറ്റും. താൻ കോൺഗ്രസിൽ നിന്നും പോയപ്പോൾ ഒരു നേതാവ് പറഞ്ഞത് പ്രാണി പോയാല്‍ കുഴപ്പമില്ലെന്നാണ്. ശരിയാണ്. ഞങ്ങളെ പോലെ കുറെ പുഴുക്കളും പ്രാണികളും കോൺഗ്രസിലുണ്ട്.
അതുകൊണ്ട് തന്നെ പ്രാണി ചിഹ്നത്തിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കാനാണ് തൻ്റെ താൽപര്യം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം അറിയാത്ത വി.ഡി.സതീശനോട് അവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്നാണ് പറയാനുള്ളത്. ആളുകൾ പാർട്ടി വിട്ട് പോവുമ്പോൾ, നിലപാട് പറയുമ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും നീയേതാണെന്ന് ചോദിക്കുന്നതിനെയും കുറിച്ച് തന്നെയാണ് എനിക്കും പറയാനുള്ളത്. പ്രവർത്തകരെ ചവിട്ടി മെതിച്ച് അധികാര ഭ്രമത്തോടെ, അഹങ്കാരത്തോടെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറാനാണ് വി.ഡി. സതീശൻ്റെ ശ്രമം. ഷാഫി പറമ്പിൽ എഴുതി കൊടുക്കുന്നത് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ് വിഡി സതീശൻ അപഹാസ്യനായി മാറരുത്. പാലക്കാട് മെഡിക്കൽ കോളേജിന് മഹാത്മ അയ്യങ്കാളിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഷാഫി പറമ്പിൽ ഇടപെട്ടില്ല. കെപിസിസി പ്രസിഡന്‍റ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അപ്പുറത്ത് നിന്ന് ഗോഷ്ടി കാണിക്കുന്ന പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. ഇപ്പോൾ പി.വി. അൻവറിനെ പ്രകോപിപ്പിച്ച് മത്സര രംഗത്ത് നിർത്താനാണ് സതീശൻ ശ്രമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here