രാഹുൽഗാന്ധിയുടെ അയോഗ്യത: രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിലേക്ക്. ഇന്നുമുതൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് പാർട്ടി തീരുമാനം. AICC, പിസിസി, ഡിസിസി, ബ്ലോക്ക് തലങ്ങളിലാകും പ്രതിഷേധം. ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി സമിതിക്കും രൂപം നൽകും. ഉടൻ ദില്ലിയിൽ കൂറ്റൻ റാലി നടത്താനും ആലോചനയുണ്ട്. ഇതുമായിബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും. സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ ഉടൻ മേൽക്കോടതിയിൽ നൽകും.

അതേസമയം, രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ശക്തമാണ്.വ്യാഴാഴ്ചയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. ‘എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?’ എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News