മുസ്ലിം ലീഗ്-സമസ്ത സമവായ ശ്രമം ഫലം കണ്ടില്ല. പാണക്കാട്ടെ വീട്ടിലെത്തി നടത്തിയ ചർച്ചയോട് സമസ്ത വിഭാഗം നീതി പുലർത്തിയില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വീട്ടിലെത്തി മാപ്പ് പറഞ്ഞവർ വാർത്താ സമ്മേളനത്തിൽ അതു മറച്ചുവെച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
എന്നാൽ, താൻ മാപ്പ് പറഞ്ഞില്ലെന്നും ദൈവത്തിനോട് മാത്രമേ പറയുകയുള്ളൂവെന്നും സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി തിരിച്ചടിച്ചു. സാദിഖലി തങ്ങൾ കേക്ക് കഴിച്ച് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതിനെ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചതാണ് വീണ്ടും സമസ്ത- ലീഗ് ബന്ധം വഷളാക്കിയത്.
ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമർ ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പാണക്കാടെത്തി മാപ്പു പറഞ്ഞുവെന്നും എന്നാൽ ഇവർ ധാരണയോട് നീതി പുലർത്തിയില്ലെന്നും തങ്ങൾ പറഞ്ഞു. തങ്ങളോട് മാപ്പ് പറഞ്ഞത് വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയണമെന്നായിരുന്നു ധാരണ.
എന്നാൽ ഉമർഫൈസി അതുമാത്രം മറച്ചുവെച്ചെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. തങ്ങളുടെ അമർഷം സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ അറിയിച്ചെന്ന് തുടർന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ച വീണ്ടും വഴിമുട്ടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here