5 ജി യുഗത്തിൽ 4 ജിയിലേക്കെത്താൻ നീക്കങ്ങൾ തുടങ്ങി ബിഎസ്എൻഎൽ

രാജ്യത്ത് മറ്റ് സ്വകാര്യ ടെലികോം കമ്പനികളെല്ലാം 4 ജിയും കടന്ന് 5 ജി യുഗത്തിലേക്ക് എത്തിനിൽക്കുമ്പോൾ 4 ജിയിലേക്കെത്താൻ പാടുപെടുകയാണ് ബിഎസ്എൻഎൽ. നിലവിൽ 3 ജി സേവനങ്ങളാണ് ബിഎസ്എൻഎൽ രാജ്യത്ത് നൽകുന്നത്. ഇത് ടെലികോം മത്സര രംഗത്ത് ബിഎസ്എൻഎലിനെ വല്ലാതെ പുറകോട്ടടിപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ബിഎസ്എൻഎൽ ബോർഡ് ഒരു ലക്ഷം സൈറ്റുകളിൽ 4 ജി വിന്യസിക്കുന്നതിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന് സമർപ്പിച്ചത് . ഈ ശുപാർശയിന്മേൽ തിങ്കളാഴ്ച ടെലികോം വകുപ്പ് മന്ത്രിമാരുടെ സംഘം, ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 4 ജി വിന്യസിക്കുന്നതിനുള്ള അനുമതി നൽകി. രാജ്യമൊട്ടാകെ 4 ജി സേവനം അടുത്ത വർഷം മാർച്ചോടെ ലഭ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിൽ നിന്നും 5 ജിയിലേക്കെത്തണമെങ്കിൽ വീണ്ടും ഒരു വർഷം കൂടിയെടുക്കേണ്ടതായി വരും.

മുംബൈ ആസ്ഥാനമായുള്ള ടിസിഎസിന്റെ സൈറ്റുകൾക്കായി 24,556.37 കോടി രൂപയുടെ 4 ജി ഉപകരണങ്ങൾ ആണ് വിതരണം ചെയ്യുക. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ടാറ്റ ഗ്രൂപ്പിന് പർച്ചേസ് ഓർഡർ നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎസ്എൻഎൽ ചെയർമാൻ അറിയിച്ചു. ഈ കരാർ അനുസരിച്ച് അടുത്ത 10 വർഷത്തേക്ക് ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്കുകൾ മുന്നോട്ട് കൊണ്ടുപോകാൻ ടിസിഎസ് സഹായിക്കും.

ടെലികോം രംഗത്ത് പിടിച്ചു നിൽക്കണമെങ്കിൽ ബിഎസ്എൻഎലിന് 4ജി റോൾ ഔട്ട് വേഗത്തിലാക്കുകയും ഗ്രാമപ്രദേശങ്ങളിലടക്കം മികച്ച കവറേജ്‌ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ജനുവരിയിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർമാർക്ക് ഏകദേശം 1.5 ദശലക്ഷം മൊബൈൽ വരിക്കാരെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 13 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കൊഴിഞ്ഞു പോകുന്ന ഉപഭോക്താക്കളെ തിരിച്ചു കൊണ്ടുവരാൻ 4 ജിക്ക് കഴിയുമോ എന്ന കാര്യത്തിൽ സംശയം ബാക്കിയാണ്. ജിയോ, എയർടെൽ പോലുള്ള സ്വകാര്യ കമ്പനികൾ പല പ്രധാന നഗരങ്ങളിലും 5 ജി സേവനം ലഭ്യമാക്കി കഴിഞ്ഞു. അതോടൊപ്പം ബിഎസ്എൻഎൽ ബോർഡ് ഫെബ്രുവരിയിൽ നൽകിയ ശുപാർശയ്ക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിക്കാൻ നാലു മാസത്തിലധികം സമയമെടുത്തതും ബിഎസ്എൻഎലിന്റെ 4 ജി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News