തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ കരുത്തിന്റെ പര്യായമായി നിലകൊണ്ട എഞ്ചിനീയറിങ് വിസ്മയത്തെ കാലപ്പഴക്കം തളർത്തി.
എന്നാൽ, തോറ്റുകൊടുക്കാൻ തയാറാകാതെ പാക് കടലിടുക്കിന് കുറുകേ പഴയ പാലത്തിനു പപകരമായി പുതിയ പാമ്പന്‍ പാലം പടുത്തുയര്‍ത്തി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇപ്പോഴിതാ പുതിയ പാമ്പൻ പാലം ഉദ്ഘാടനത്തിനു തയ്യാറായി കഴിഞ്ഞിരിക്കുന്നു.
പുതിയ പാലത്തിലെ ട്രെയിനോടിച്ചുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി അത്യാധുനിക വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനമുള്ള പാലവും ഇതാണ്. കപ്പലുകള്‍ക്ക് കടന്നുപോകാനായി പാലത്തിന്റെ മധ്യഭാഗം ഒന്നാകെ ഉയര്‍ത്താനും, പിന്നീടത് താഴ്ത്തി സാധാരണ നിലയിലാക്കി ട്രെയിനുകള്‍ക്ക് കടന്നുപോകാനും സാധിക്കുന്നതാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം.
ഇത്രയേറെ മേന്മയോടെ എത്തുന്ന പുതിയ പാമ്പൻ പാലത്തിൽ എന്നാൽ നിര്‍മാണത്തിൽ വീഴ്ചകളുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ദക്ഷിണമേഖലാ സുരക്ഷാ കമ്മീഷണര്‍ എഎം ചൗധരി. പാലത്തിന്റെ ആസൂത്രണം മുതല്‍ വീഴ്ചകളുണ്ടെന്ന റിപ്പോർട്ട് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Also Read: ഉത്തരാഖണ്ഡിൽ റിവര്‍ റാഫ്റ്റിങ്ങിനിടെ കാണാതായ മലയാളി യുവാവിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു
പഴയ പാമ്പന്‍പാലം എന്‍ജിനിയറിങ് മികവിന്റെ മാതൃകയാണങ്കിൽ പുതിയപാലം അങ്ങനെയല്ലെന്നാണ് ചൗധരി റിപ്പോര്‍ട്ടിലെ അഭിപ്രായം. റിപ്പോര്‍ട്ടിൽ പറയുന്ന പ്രധാന കാര്യങ്ങളിവയാണ്.
- കടല്‍ക്കാറ്റ് 58 കിലോമീറ്ററിലേറെ വേഗത്തിലുള്ളപ്പോൾ പാലത്തിലൂടെ ട്രെയിന്‍ ഓടിക്കാന്‍ അനുവദിക്കില്ല.
- 75 കിലോമീറ്റർ വേഗത്തിൽ പാലത്തിലൂടെ ട്രെയിൻ ഓടിക്കാമെങ്കിലും, വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ഭാഗത്ത് 50 കിലോമീറ്റര്‍ വേഗപരിധി പാലിക്കണം.
- വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ പരിശോധിച്ച് എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് നല്‍കണം.
കൂടാതെ അശാസ്ത്രീയമായ വെല്‍ഡിങ് ആണ് പാലത്തിലോതെന്നും തുരുമ്പിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ സംവിധാനമില്ലെന്നും, നിലവാരമില്ലാത്ത ഡിസൈനാണ് പാലത്തിന്റേതെന്നും റിപ്പോർട്ടിൽ പറയുന്നു. പാലത്തിലെ റെയില്‍വേ ട്രാക്കുകളുടെ അലൈന്‍മെന്റിലെ വ്യത്യാസവും നിര്‍മാണത്തിലെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കാൻ റെയില്‍വേ മന്ത്രാലയം അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഒന്നര മാസത്തെ സമയമാണ് നിർമാണത്തിലെ പാകപിഴകളെ പറ്റി പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് നല്‍കിയിട്ടുള്ളത്. സുരക്ഷാ കമ്മീഷണര്‍ ചൂണ്ടിക്കാണിച്ച ചില പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമായിരിക്കും, പാലം തുറക്കുക എന്നാണ് എന്ന് തീരുമാനിക്കുക. വിവാദങ്ങളിൽ കൃത്യമായ പഠനത്തിനും അനുമതികള്‍ക്കും ശേഷമാണ് പാലം നിര്‍മിച്ചതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here