ഉയർന്ന പലിശ വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ഏഴു ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി എം.ജി നാരായണൻ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ നിർദ്ദേശം. പ്രതിവർഷം 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ച് ആറു ലക്ഷം രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചു. കൂടാതെ ബിസിനസ്സിൽ പങ്കാളിത്തവും വാഗ്ദാനം ചെയ്തു. ആദ്യ മാസങ്ങളിൽ പരാതിക്കാരന്റെ അക്കൗണ്ടിൽ പലിശ എത്തിയെങ്കിലും പിന്നീടത് മുടങ്ങി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് പരാതിക്കാരൻ പിന്നീട് മനസ്സിലാക്കി. തുടർന്ന് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. എതിർകക്ഷികൾ വാഗ്ദാനം ചെയ്ത പോലെ നിക്ഷേപ തുകയോ പലിശയോ പരാതിക്കാരന് നൽകിയില്ല.
നിക്ഷേപ തട്ടിപ്പിലൂടെ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരെ നിയമത്തിന്റെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ വേണമെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി. നിക്ഷേപതുകയായ ആറ് ലക്ഷം രൂപയും 75,000/- രൂപ നഷ്ടപരിഹാരവും 25,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരന് വേണ്ടി അഡ്വ. കെഎസ് അരുൺ ദാസ് ഹാജരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here