1,070 കോടിയുമായി റിസര്‍വ് ബാങ്കില്‍ നിന്ന് പുറപ്പെട്ട ട്രക്കുകളില്‍ ഒന്ന് കേടായി, കനത്ത പൊലീസ് കാവല്‍

1070 കോടി രൂപയുമായി ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് പോയ രണ്ട് ട്രക്കുകളില്‍ ഒന്ന് കേടായി. ഓരോ ട്രക്കിലും 535 കോടി രൂപ വീതമാണുള്ളത്. കേടായതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ താംബരത്ത് നിര്‍ത്തിയിട്ടു. വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നൂറോളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

വിഴുപുരം ജില്ലയിലെ ബാങ്കുകളില്‍ വിതരണത്തിനായി കൊണ്ടുവന്ന പണമാണ് ട്രക്കുകളിലുള്ളത്. ബുധനാഴ്ച പകല്‍ പതിനൊന്ന് മണിയോടെയാണ് ട്രക്കുകള്‍ ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചത്. യാത്രയിലുടനീളം പണത്തിന്റെ സുരക്ഷക്കായി ഒരു ഇന്‍സ്‌പെക്ടറും ഒരു സബ് ഇന്‍സ്‌പെക്ടറും അടങ്ങുന്ന 17 അംഗ പോലീസ് സംഘം ട്രക്കുകളെ അനുഗമിച്ചിരുന്നു.

ഉച്ചയ്ക്ക് ശേഷം താംബരം സാനിറ്റോറിയത്തിന് സമീപത്തെത്തിയപ്പോള്‍ ഒരു വാഹനത്തില്‍ നിന്ന് പുക ഉയരുകയും അടിയന്തരമായി വാഹനങ്ങള്‍ നിര്‍ത്തുകയുമായിരുന്നു. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് വാഹനങ്ങളെ തൊട്ടടുത്തുള്ള തംബാരത്തെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സിദ്ധയിലേക്ക് മാറ്റി.

കോടിക്കണക്കിന് രൂപയുമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ സിദ്ധ ആശുപത്രിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. രാത്രി മുഴുവന്‍ ശ്രമിച്ചിട്ടും വാഹനത്തിന്റെ തകരാര്‍ നീക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News