എറണാകുളത്ത് തുടര്‍ച്ചയായി പെയ്ത കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

എറണാകുളത്ത് നാല് മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളക്കെട്ടും ഗതാഗതകുരുക്കും മൂലം നഗരം സ്തംഭിച്ചു. കളമശ്ശേരിയില്‍ മാത്രം 157 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. പെരുമ്പാവൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസുകാരന്‍ മുങ്ങി മരിച്ചു.

രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെ പെയ്ത കനത്ത മഴയില്‍ കൊച്ചിയില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കളമശ്ശേരി, കാക്കനാട്, വാഴക്കാല, പാലാരിവട്ടം, ഇടപ്പള്ളി- വൈറ്റില ബൈപ്പാസ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും പരിസരപ്രദേശങ്ങളും റോഡുകള്‍ വെള്ളത്തിനടിയിലായി. ഒട്ടേറെ വീടുകളിലും കടകളിലും വെള്ളം കയറി. രൂക്ഷമായ ഗതാഗതക്കുരുക്ക് നഗരത്തെ സ്തംഭിപ്പിച്ചു.

ALSO READ:സംസ്ഥാനത്ത് വീണ്ടും ശക്തി പ്രാപിച്ച് മഴ; രണ്ട് ജില്ലകളിൽ റെഡ് അലെർട്ട്

പ്രശസ്ത എഴുത്തുകാരി എം ലീലാവതിയുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും പുസ്തകങ്ങള്‍ നശിച്ചു. തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലെ വീട്ടിലാണ് വെള്ളം കയറിയത്. ലീലാവതി ടീച്ചറെ തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് മാറ്റി. കൊച്ചിയിലെ കനത്ത മഴക്ക് കാരണം ലഘു മേഘവിസ്‌ഫോടനം ആകാമെന്ന് കുസാറ്റിലെ കാലാവസ്ഥാ വിദഗ്ദ്ധര്‍ സൂചന നല്‍കി. കളമശ്ശേരിയില്‍ 157 മില്ലിമീറ്ററും പള്ളുരുത്തിയില്‍ 100 മില്ലിമീറ്ററും കുസാറ്റ് കാമ്പസ്സില്‍ 98 മില്ലിമീറ്ററും മഴ ലഭിച്ചു.

ALSO READ:വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ അതിക്രമിച്ച് കയറി; നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം

പെരുമ്പാവൂര്‍ ഐക്കരകുടിയില്‍ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഐക്കരക്കൂടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു മുകളിലേക്ക് മരം വീണു. ഒരാള്‍ക്ക് നിസാരപരിക്കേറ്റു. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലും പരിസരത്തും രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത തടസ്സത്തിന് കാരണമായി. ഇടുക്കി തൃശൂര്‍ ജില്ലകളില്‍ മഴ ശക്തമായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News