സഭാ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ കലഹം. കെ സി ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ പി സിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. കെ സി ജോസഫിന്റേത് അപക്വമായ നിലപാടെന്നായിരുന്നു സുധാകരന്റെ പ്രതികരണം. പാര്‍ട്ടിക്കകത്ത് ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ സഭയുമായുള്ള ബന്ധത്തില്‍ ആശങ്കയില്ലെന്നും തലശ്ശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ പറഞ്ഞു
ക്രിസ്തീയ സഭകളുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ്സില്‍ കലഹം മുറുകുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ബിജെപി യിലേക്ക് അടുപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ്സില്‍ ഇതിനെചൊല്ലി തര്‍ക്കം ഉടലെടുത്തത്. കോണ്‍ഗ്രസ്സിന് സഭാ നേതൃത്വവുമായുള്ള ഊഷ്മള ബന്ധം നഷ്ടമായെന്നും കാലിന്റെ ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നത് തിരിച്ചറിയണമെന്നുമായിരുന്നു കെ സി ജോസഫിന്റെ പ്രസ്താവന. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ സുധാകരന്‍ പ്രതികരിച്ചത്.
ബിജെപിയുടെ നീക്കങ്ങളെ അവഗണിക്കുന്നത് അപകടകരമാണെന്ന് കെ മുരളീധരനും രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. സഭാ വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെ അഭിപ്രായ ഭിന്നത രൂപപ്പെട്ടതോടെ ബിഷപ്പുമാരെ സന്ദര്‍ശിച്ച് ബന്ധം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സുധാകരന്‍. ഇതിന്റെ ഭാഗമായി തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് പാംപ്ലാനിയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി.
ബിഷപ്പിന്റെ ബി ജെ പി അനുകൂല പ്രസ്താവനയെയും സുധാകരന്‍ ന്യായീകരിച്ചു. മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളും വരും ദിവസങ്ങങ്ങളില്‍ സഭാ മേലധ്യക്ഷന്‍മാരെ കാണും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here