നിക്കാഹ് ചടങ്ങ് കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം വധുവിനെ മുത്തലാഖ് ചൊല്ലി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിയിലാണ് സംഭവം. യുവാവിനെതിരെ പൊലീസ് വെള്ളിയാഴ്ച കേസെടുത്തു. സ്ത്രീധനമായി കാർ നൽകാത്തതിനെ തുടർന്നാണ് വധുവിനെ മൊഴി ചൊല്ലിയത്.
“തന്റെ സഹോദരിമാരായ ഡോളിയും ഗൗരിയും ഒരേ ദിവസം ആഗ്രയിലെ ഫത്തേഹാബാദ് റോഡിലെ ഒരു വിവാഹ ഹാളിൽ വച്ച് വിവാഹിതരായതായി. നിക്കാഹ് ചടങ്ങിന് ശേഷം ഗൗരി ഭർത്തവിന്റെ കൂടെ പോയി. എന്നാൽ ഡോളിയുടെ വരൻ മുഹമ്മദ് ആസിഫ് സ്ത്രീധനമായി കാർ കാണാത്തതിൽ അസ്വസ്ഥനായി.”-വധുവിന്റെ സഹോദരൻ കമ്രാൻ വാസി ഒരു മാധ്യമത്തോട് പറയുന്നു.
സ്ത്രീധനത്തിലെ മറ്റ് കാര്യങ്ങൾക്ക് പുറമെ ഡോളിയുടെ മാതാപിതാക്കൾ ആസിഫിന് കാറും വാഗ്ദാനം ചെയ്തിരുന്നതായി ആസിഫിന്റെ കുടുംബം പറഞ്ഞു. ഡോളിയുടെ കുടുംബം ഉടൻ കാർ വാങ്ങി നൽകണമെന്നും അല്ലെങ്കിൽ പകരം അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആസിഫിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ ചെറിയ സമയത്തിനുള്ളിൽ കാറോ പണമോ ഏർപ്പാടാക്കാൻ കഴിയില്ലെന്ന് ഡോളിയുടെ വീട്ടുകാർ പറഞ്ഞു. ഉടൻ ഡോളിയെ മുത്തലാഖ് ചൊല്ലി ആസിഫ് കുടുംബത്തോടൊപ്പം വിവാഹ വേദി വിട്ടു.
തുടർന്ന് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആസിഫിനും മറ്റ് ആറ് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആറിൽ പേരുള്ള ഏഴുപേരെയും അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Also Read: തെറ്റായ ഇന്ത്യൻ മാപ്പ് ട്വീറ്ററിൽ പ്രചരിപ്പിച്ച് ബിജെപി ഐടി സെൽ;വിമർശിച്ച് സോഷ്യൽ മീഡിയ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here