കോഴിക്കോട് കൊയിലാണ്ടിയില്‍ പിതൃസഹോദരി ഐസ്‌ക്രീമിൽ വിഷം നൽകി 12 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവന്‍ ലക്ഷ്യംവച്ചാണ് വിഷം ചേർത്ത ഐസ്ക്രീം വീട്ടിൽ വച്ചത്. സഹോദരൻ്റെ ഭാര്യയോടുള്ള വൈരാഗ്യമാണ് ഇത്തരത്തിലൊരു ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നും വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികൾ പുറത്ത് പോയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി കുട്ടിക്ക് നല്‍കിയതാണെന്ന് കുട്ടിയുടെ പിതൃസഹോദരി താഹിറ പൊലീസിന് മൊഴി നല്‍കിയിരിന്നു. അരിക്കുളത്തെ കടയില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. എലിവിഷം സംഘടിപ്പിച്ചത് കൊയിലാണ്ടി ടൗണിലെ കടയില്‍ നിന്നാണെന്നും താഹിറ പൊലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐസ്‌ക്രീം കഴിച്ച് അവശനായ പന്ത്രണ്ടു വയസുകാരന്‍ മരിച്ചത്. അരിക്കുളം കോറോത്ത് മുഹമ്മദ് അലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് മരിച്ചത്. ഞായറാഴ്ച മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലില്ലാത്ത സമയത്താണ് അഹമ്മദ് ഐസ്‌ക്രീം കഴിച്ചത്. ഇതിന് പിന്നാലെ അഹമ്മദ് ഛര്‍ദ്ദിച്ച് അവശനായി. തിങ്കളാഴ്ച രാവിലെ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. നിരവധി പേരില്‍ നിന്ന് മൊഴിയെടുത്ത് പരിശോധിച്ച പൊലീസ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. താഹിറയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here