നാടകീയ നീക്കങ്ങൾക്കൊടുവിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ, ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ടിന് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പച്ചക്കൊടി. കാലാവസ്ഥാ വ്യതിയാനം കൊണ്ടുവരുന്ന പ്രതിസന്ധികൾ തടയുന്നതിനും നേരിടാൻ തയ്യാറെടുക്കുന്നതിനും വികസ്വര രാജ്യങ്ങൾക്ക് 300 ബില്യൺ ഡോളർ നൽകുമെന്ന് സമ്പന്ന രാജ്യങ്ങൾ പ്രതിജ്ഞയെടുത്തു.
അസർബൈജാനിലെ ബാക്കുവിൽ നടന്ന ‘കോപ് 29’ ലാണ് തീരുമാനം ഉണ്ടായത്. അന്തിമവട്ട ചർച്ചകളിൽ വാക്കുതർക്കവും പ്രശ്നവും ഉണ്ടായതിനെ തുടർന്ന് 33 മണിക്കൂർ വൈകിയാണ് കരാറിൽ തീരുമാനമുണ്ടായത്.
ഏറെ നാടകീയമായ സംഭവങ്ങളാണ് ശനിയാഴ്ച സമ്മേളനത്തിൽ നടന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായ മൂന്നാം ലോക വികസ്വര രാജ്യങ്ങൾ ഉച്ചതിരിഞ്ഞ് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ‘നമ്മുടെ ദ്വീപുകൾ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നുള്ള മോശമായ ഇടപാടുമായി ഞങ്ങളുടെ രാജ്യങ്ങളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും അടുത്തേക്ക് ഞങ്ങൾ തിരിച്ചുപോകുമെന്ന് നിങ്ങൾ കരുതുന്നണ്ടോ?’ അലയൻസ് ഓഫ് സ്മോൾ ഐലൻഡ് സ്റ്റേറ്റ്സിന്റെ അധ്യക്ഷൻ സെഡ്രിക് ഷസ്റ്റർ ചോദിച്ചു.
ഒടുവിൽ ചെറിയ മാറ്റത്തിരുത്തലുകളോടെയാണ് കരാർ പാസായത്. എല്ലാവരും കരഘോഷത്തോടെയാണ് കരാറിനെ വരവേറ്റതെങ്കിലും തുക വളരെ ചെറുതാണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രതിനിധി ലീലാ നന്ദൻ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഈ നിർദിഷ്ട ലക്ഷ്യത്തിലൂടെ ഞങ്ങൾക്ക് ഒന്നും പരിഹരിക്കാനാവില്ലെന്നും മറുപടി പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, ഫോസിൽ ഇന്ധന ഉപയോഗത്തിൽനിന്ന് മാറാൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം പാസാക്കിയ ഉടമ്പടിക്കുമേലുള്ള ചർച്ചകൾ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. 2025ലെ അടുത്ത കാലാവസ്ഥാ സമ്മേളന ചർച്ച വരെ ആ തീരുമാനം മാറ്റിവെച്ചു. ചരിത്രപരമായി കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കുറഞ്ഞ സംഭാവന നൽകിയിട്ടുള്ളവരാണ് ദരിദ്ര രാജ്യങ്ങൾ. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന് നിലവിൽ ലഭ്യമായ ഫണ്ടിന്റെ 40 ശതമാനം മാത്രമേ അവർക്കായി ചെലവഴിച്ചിട്ടുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here