വയനാട്ടിൽ വിശ്രമമുറി പദ്ധതിയിലെ അ‍ഴിമതി, ക്രമക്കേട്‌ കണ്ടെത്തി വിജിലൻസ്‌ റിപ്പോർട്ട്‌

വയനാട്ടിൽ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക്‌ വിശ്രമമുറി നിർമിക്കുന്ന ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ അഴിമതി നടന്നതായി വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ വിശദ അന്വേഷണം നടത്തണമെന്ന റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്ടർ മനോജ്‌ എബ്രഹാമിന്‌ കൈമാറി. വിജിലൻസ്‌ ഡിവൈഎസ്‌പി സിബി തോമസിന്റെ നേതൃത്വത്തിലാണ്‌ പ്രാഥമികാന്വേഷണം നടത്തിയത്‌.

ജില്ലാ പഞ്ചായത്ത്‌ അംഗം സുരേഷ്‌ താളൂർ വിജിലൻസ്‌ ഡയറക്ടർക്ക്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ ഗുരുതരക്രമക്കേടുകളാണ്‌ കണ്ടെത്തിയത്‌. പ്രഥമദൃഷ്ട്യാ അഴിമതി വ്യക്തമാണെന്നാണ്‌ റിപ്പോർട്ട്‌. മീനങ്ങാടി ഗവ. ഹയർസെക്കൻഡറി, അമ്പലയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ വ്യാഴാഴ്‌ചയും വിജിലൻസ്‌ സംഘം പരിശോധന നടത്തി.
പെൺകുട്ടികൾക്ക്‌ ആർത്തവകാലത്ത്‌ ഉപയോഗിക്കുന്നതിന്‌ ജില്ലയിലെ 19 വിദ്യാലയങ്ങളിൽ വിശ്രമമുറി നിർമ്മിക്കുന്ന പദ്ധതിയിലാണ്‌ അഴിമതി നടത്തിയത്‌. 40 ശതമാനംപോലും പ്രവൃത്തി പൂർത്തിയാക്കാതെ മുഴുവൻ തുകയും ജില്ലാ പഞ്ചായത്ത്‌ കരാർ ഏജൻസിക്ക്‌ കൈമാറി. 95 ലക്ഷം രൂപയാണ്‌ നൽകിയത്‌. നിലവാരം കുറഞ്ഞ നിർമാണ വസ്‌തുക്കളാണ്‌ ഉപയോഗിച്ചത്‌. ഇതിനെതിരെ സ്‌കൂൾ പിടിഎകളും രംഗത്തെത്തിയിരുന്നു. നിർമ്മാണ വസ്തുക്കള്‍ക്ക് ഗുണനിലവാരമില്ലെന്ന്‌ വിജിലൻസ്‌ പരിശോധനയിലും വ്യക്തമായി.

പദ്ധതിയുടെ നിർവഹണം നടത്തുന്നതിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനും വീഴ്‌ചകൾ സംഭവിച്ചതായാണ്‌ ആക്ഷേപം. അഴിമതി പുറത്തുവന്നതോടെ തട്ടിക്കൂട്ടി പ്രവൃത്തി പൂർത്തിയാക്കാൻ ഉപഡയറക്ടർ ഇടപെട്ടു. വിജിലൻസ്‌ അന്വേഷണം നടക്കുന്നതിനിടെ അമ്പലവയൽ ഹയർസെക്കൻഡറി സ്‌കൂൾ സന്ദർശിച്ച വിദ്യാഭ്യാസ വകുപ്പ്‌ ഉദ്യോഗസ്ഥർ പ്രവൃത്തി പൂർത്തിയാക്കാൻ പ്രധാനാധ്യാപകന്‌ നിർദേശം നൽകി. പദ്ധതി 40 ശതമാനം മാത്രമാണ്‌ പൂർത്തിയായതെന്നും 24നകം പൂർണമായും പൂർത്തിയാക്കാൻ പ്രധാനാധ്യാപകൻ സൗകര്യം ഒരുക്കണമെന്നുമാണ്‌ നിർദേശം നൽകിയത്‌.

ഉദ്യോഗസ്ഥ സന്ദർശക ഡയറിയിൽ നിർദേശം എഴുതി നൽകുകയായിരുന്നു. നൂറുശതമാനം തുക കരാറുകാരന്‌ നൽകിയ പ്രവൃത്തിയിലാണ്‌ നിർവഹണ ഉദ്യോഗസ്ഥൻ തന്നെ 40 ശതമാനം പ്രവൃത്തി മാത്രമാണ്‌ പൂർത്തിയായതെന്ന്‌ സാക്ഷ്യപ്പെടുത്തിയത്‌. അഴിമതിയിൽ ഡിഡിഇ ഓഫീസിന്റെ പങ്കും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുരേഷ്‌ താളൂർ വിദ്യാഭ്യാസ മന്ത്രിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News