ഉസ്‌ബെക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്ത കഫ് സിറപ്പുകളുടെ സാമ്പിളുകളില്‍ ജീവന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍.ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഉസ്‌ബെക്കിസ്ഥാനിലേയ്ക്ക് കയറ്റി അയച്ച സാമ്പിളുകളില്‍ ജീവന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗാംബിയയിലേക്ക് കയറ്റി അയച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഏതെങ്കിലും അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ രണ്ടു മരുന്നു കമ്പനികളുടെയും പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും കൂടാതെ ഉസ്‌ബെക്കിസ്ഥാനിലേക്ക് മരുന്ന് കയറ്റി അയച്ച മാരിയോണ്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി നിയമനടപടികള്‍ എടുത്തു വരുന്നതായും സര്‍ക്കാര്‍ അറിയിച്ചു.
ഇത്തരത്തില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന ചോദ്യവും ജോണ്‍ ബ്രിട്ടാസ് ഉയര്‍ത്തിയിരുന്നു. ഇത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന തൊടുന്യായമാണ് മറുപടിയില്‍ കേന്ദ്രം സര്‍ക്കാര്‍ സൂചിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലും വിദേശത്തും വിതരണം ചെയ്യുന്ന ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കര്‍ശനമായ മാനദണ്ഡങ്ങളും കൃത്യമായ പരിശോധനയും ഏര്‍പ്പെടുത്തണമെന്ന് ജോണ്‍ ബ്രിട്ടാസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉസ്‌ബെക്കിസ്ഥാനിലേക്കും ഗാംബിയയിലേക്കും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത ചില കഫ്‌സിറപ്പുകളുടെ ഗുണനിലവാരത്തെ കുറിച്ച് 2022 ഒക്ടോബര്‍ 5നും 2023 ജനുവരി 11നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാംബിയയിലേയ്ക്ക് ഇന്ത്യയിലെ ഒരു മരുന്ന് നിര്‍മ്മാണ കമ്പനി കയറ്റുമതി ചെയ്ത നിലവാരം കുറഞ്ഞ കഫ്‌സിറപ്പ് എഴുപതോളം കുട്ടികളുടെ മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ മറ്റൊരു മരുന്ന് നിര്‍മ്മാണ കമ്പനി ഉസ്‌ബെക്കിസ്ഥാനിലേയ്ക്ക് കയറ്റുമതി ചെയ്ത കഫ്‌സിറപ്പ് കഴിച്ച് ഇരുപതോളം കുട്ടികള്‍ മരിച്ചതായും ഏതാനും മാസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് സംബന്ധിച്ച് ആരോപണ വിധേയരായ രണ്ട് കമ്പനികളിലും പരിശോധന നടത്തി സാമ്പിളുകള്‍ പിടിച്ചെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here